സിഡ്നി: സിഡ്നി ടെസ്റ്റ് ജയിച്ച് ഓസ്ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടുന്ന ഇന്ത്യന്‍ ടീമെന്ന ചരിത്രം കുറിക്കാനൊരുങ്ങുന്ന കോലിപ്പടയ്ക്ക് വലിയ തിരിച്ചടി. പരിക്കിനെത്തുടര്‍ന്ന് ഇഷാന്ത് ശര്‍മ സിഡ്നി ടെസ്റ്റില്‍ കളിക്കില്ല. കുഞ്ഞ് ജനിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് വന്ന രോഹിത് ശര്‍മയും സിഡ്നി ടെസ്റ്റിനുണ്ടാവില്ല. പരിക്കിനെത്തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ നഷ്ടമായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നാളെ രാവിലെ മാത്രമെ അശ്വിന്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു.

മൂന്ന് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റെടുത്ത ഇഷാന്ത് കളിക്കാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ജസ്പ്രീത് ബൂംമ്രക്കും മുഹമ്മദ് ഷമിക്കുമൊപ്പം ഓസീസ് ബാറ്റിംഗ് നിരയെ ഇഷാന്ത് വെള്ളം കുടുിപ്പിച്ചിരുന്നു. ഇഷാന്തിന് പകരം ഉമേഷ് യാദവിനെയാണ് ഇന്ത്യ 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു പേസര്‍മാരുമായി ഇറങ്ങിയ പെര്‍ത്ത് ടെസ്റ്റില്‍ ഉമേഷ് കളിച്ചിരുന്നെങ്കിലും 139 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് മാത്രമെ നേടാനായുള്ളു.

സിഡ്നിയിലെ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമെന്നതിനാല്‍ ഷമിക്കും ബൂംമ്രക്കുമൊപ്പം ഉമേഷ് കൂടി അന്തിമ ഇലവനില്‍ എത്തുമോ എന്നാണ് കണ്ടറിയേണ്ടത്. ഹര്‍ദ്ദീക് പാണ്ഡ്യയെ 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മൂന്ന് പേസര്‍മാരുമായി ഇറങ്ങാനാണ് തീരുമാനമെങ്കില്‍ ഉമേഷ് അന്തിമ ഇലവനില്‍ ഉണ്ടാവും. രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമാണ് കളിക്കുന്നതെങ്കില്‍ ഉമേഷിന് പകരം കുല്‍ദീപ് യാദവോ അശ്വിനോ ടീമിലെത്താനാണ് സാധ്യത.