സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റാല്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്നിന്റെ സ്ഥാനം തെറിക്കുമെന്ന ഓസീസ് മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്കെതിരെ പേസ് ബൗളര്‍ പാറ്റ് കമിന്‍സ്. പെയ്നിന് പകരം താന്‍ ഓസീസ് ക്യാപ്റ്റനാവുമെന്ന വാര്‍ത്തകള്‍ വിഡ്ഢിത്തമാണെന്ന് കമിന്‍സ് പ്രതികരിച്ചു.

തനിക്ക് ഇപ്പോള്‍ ഓസീസിനെ നയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കമിന്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ ടിം പെയ്ന്‍ നല്ല രീതിയിലാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പറഞ്ഞു. ഈ സമയം ഇത്തരമൊരു ചര്‍ച്ച വരുന്നത് തന്നെ വിഡ്ഢിത്തരമാണ്. നിലവില്‍ എന്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നുമാത്രമെ ഞാന്‍ ചിന്തിക്കുന്നുള്ളു.

ബൗള്‍ ചെയ്യുമ്പോള്‍ ബൗളിംഗിലും ബാറ്റ് ചെയ്യുമ്പോള്‍ ബാറ്റിംഗിലും മാത്രമാണ് എന്റെ ശ്രദ്ധ. ഇതൊന്നും ചെയ്യാത്തപ്പോള്‍ മറ്റ് കാര്യങ്ങള്‍ ഞാന്‍ അധികം ശ്രദ്ധിക്കാറുമില്ല. അതുകൊണ്ടു തന്നെ നിലവില്‍ ക്യാപ്റ്റനാവാന്‍ പറ്റിയ ഒരാളല്ല-കമിന്‍സ് പറഞ്ഞു.

ഇന്ത്യക്കെതിരായ പരമ്പരയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കമിന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്ത്. ഓസീസ് നിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരവും കമിന്‍സാണ്. ഈ സാഹചര്യത്തിലാണ് കമിന്‍സിനെ ക്യാപ്റ്റനാക്കണമെന്ന വാദം ശക്തമായത്.