മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തി ഓസീസിനെ തരിപ്പണമാക്കിയ ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രക്ക് റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ബൂമ്ര സ്വന്തം പേരിലാക്കി. 33 റണ്‍സ് വഴങ്ങിയാണ് മെല്‍ബണില്‍ ബൂമ്ര ഓസീസിന്റെ ആറു വിക്കറ്റുകള്‍ പിഴുതത്.

ബൂമ്രയുടെ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ഈ വര്‍ഷം ജനുവരിയില്‍ ജോഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതായിരുന്നു ഇതിനു മുമ്പുള്ള ബൂമ്രയുടെ മികച്ച ബൗളിംഗ്. ഒപ്പം 1985നുശേഷം ഓസീസില്‍ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന ബൂമ്രയുടെ പേരിലായി.

ഇതിനൊപ്പം അരങ്ങേറ്റ വര്‍ഷത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബൂമ്ര സ്വന്തമാക്കി. 45 വിക്കറ്റാണ് ഇതുവരെ ബൂമ്ര ടെസ്റ്റില്‍ നേടിയത്. 1979ല്‍ 40 വിക്കറ്റെടുത്ത ദിലീപ് ജോഷിയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബൂമ്ര ഇന്ന് മറികടന്നത്. ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡും മുഹമ്മദ് ഷമിക്കൊപ്പം ബൂമ്ര പങ്കിട്ടു. ഇരുവരും 45 വിക്കറ്റുകളാണ് ഈ വര്‍ഷം വീഴ്ത്തിയത്.