ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഇന്ത്യ രണ്ടാമതും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കോലി മത്സരശേഷം പറഞ്ഞു. ഓസീസ് ബൗളര്‍മാരെ തളര്‍ത്തുക ആയിരുന്നില്ല നമ്മുടെ ലക്ഷ്യം.

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 292 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഓസ്ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യാന്‍ വിടാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതിരുന്ന കോലിയുടെ തീരുമാനത്തിനെതിരെ മുന്‍ താരങ്ങള്‍ അടക്കം രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോലിയുടെ വിശദീകരണം.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഇന്ത്യ രണ്ടാമതും ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കോലി മത്സരശേഷം പറഞ്ഞു. ഓസീസ് ബൗളര്‍മാരെ തളര്‍ത്തുക ആയിരുന്നില്ല നമ്മുടെ ലക്ഷ്യം. 400 റണ്‍സിന് മുകളില്‍ ലീഡ് നേടുക എന്നതു മാത്രമായിരുന്നു. പിന്നെ കനത്ത ചൂടില്‍ തുടര്‍ച്ചയായി രണ്ട് സെഷനുകളില്‍ പന്തെറിഞ്ഞ് തളര്‍ന്ന നമ്മുടെ ബൗളര്‍മാര്‍ക്ക് കുറച്ചും വിശ്രമം അനുവദിക്കണമായിരുന്നു.

ഒരു രാത്രിയിലെ വിശ്രമത്തിനും ഉറക്കത്തിനുശേഷം പിറ്റേന്ന് കൂടുതല്‍ ഉന്‍മേഷത്തോടെ പന്തെറിയാന്‍ അവര്‍ക്കാവും. ഓരോ ഘട്ടത്തിലും ടീമിന് എന്താണോ നല്ലത് അതാണ് തെരഞ്ഞെടുക്കുന്നതെന്നും കോലി പറഞ്ഞു. മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ആദ്യ ഇന്നിംഗ്സിലെ കൂറ്റന്‍ ലീഡിന്റെ കരുത്തില്‍ ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കി.