ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയെ ഒഴിവാക്കിയപ്പോള്‍ പരിക്കുമൂലം ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയ അക്ഷര്‍ പട്ടേല്‍ തിരിച്ചെത്തിയതാണ് ഏക മാറ്റം. ആദ്യ ഏകദിനത്തിന് മുമ്പ് ഫുട്ബോള്‍ പരിശീലനത്തിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് അക്ഷര്‍ പട്ടേലിനെ ഒഴിവാക്കിയത്. ജഡേജയെ ടീമിലെടുത്തെങ്കിലും അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ആദ്യ മൂന്ന് ഏകദിനങ്ങളിലും തിളങ്ങിയതിനാല്‍ അശ്വിനെയും ജഡേജയെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. കെ.എല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ മാസം 28ന് ബംഗളൂരുവിലാണ് നാലാം ഏകദിനം. ഒക്ടോബര്‍ ഒന്നിന് നാഗ്പൂരില്‍ അവസാന മത്സരം നടക്കും.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയില്‍ 3-0ന് മുന്നിലാണ്. ശേഷിക്കുന്നമത്സരങ്ങള്‍ കൂടി ജയിച്ച് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യയുടെ ശ്രമം.