സിഡ്നി: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഭാവി പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ എംഎസ് ധോണിയേക്കാള്‍ കൂടുതല്‍ സെഞ്ചുറികള്‍ അടിക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു.

അയാള്‍ പ്രതിഭാധനനായ കളിക്കാരനാണ്. അക്രമണോത്സുക ബാറ്റ്സ്മാനും. കളിയെ നല്ല രീതിയില്‍ മനസിലാക്കുന്ന കളിക്കാരനും. സ്പിന്നര്‍മാര്‍ക്കെതിരെ ചിലപ്പോള്‍ റിഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ ഇതെങ്ങനെ സാധിക്കുന്നുവെന്ന് തോന്നും. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായിരുന്ന കാലത്ത് അത് നേരിട്ട് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഒരുപാട് മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിവുള്ള കളിക്കാരനാണ് അദ്ദേഹം. കീപ്പിംഗില്‍ റിഷഭ് പന്ത് അല്‍പം കൂടി മെച്ചപ്പെടാനുണ്ട്. അതിനായി അദ്ദേഹം കഠിനമായി പരിശ്രമിക്കുമെന്ന് എനിക്കുറപ്പുണ്ട്. കീപ്പിംഗ് മെച്ചപ്പെടുത്തുമെന്നും. മികച്ച കീപ്പറാവുന്നതിനൊപ്പം റിഷഭ് പന്തിന്റെ ബാറ്റിംഗും മെച്ചപ്പെടും. നമ്മള്‍ ധോണിയെക്കുറിച്ച് ഏറെ പറയാറുണ്ട്. എന്നാല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ ധോണി ആറ് സെഞ്ചുറികളേ നേടിയിട്ടുള്ളൂ. പക്ഷെ ഈ പയ്യന്‍ അതില്‍ക്കൂടുതല്‍ നേടുമെന്ന് എനിക്കുറപ്പാണ്-പോണ്ടിംഗ് പറഞ്ഞു.

2005ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ധോണി 2014ലാണ് വിരമിച്ചത്. 90 മത്സരങ്ങളില്‍ 4876 റണ്‍സടിച്ച ധോണി 33 അര്‍ധസെഞ്ചുറിയും ആറ് സെഞ്ചുറിയും നേടി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറിയ റിഷഭ് പന്താകട്ടെ ഇതുവരെ കളിച്ച ഒമ്പത് കളികളില്‍ രണ്ട് സെഞ്ചുറി അടക്കം 49.71 റണ്‍സ് ശരാശരിയില്‍ 696 റണ്‍സടിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് തവണ 90കളില്‍ പന്ത് പുറത്താവുകയും ചെയ്തു. ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായതിന് പിന്നാലെ ഓസ്ട്രേലിയയിലും ഈ നേട്ടം റിഷഭ് പന്ത് ആവര്‍ത്തിച്ചു.