ദില്ലി: ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യൻ ടീമിന് ആശ്വാസ വാക്കുകളുമായി സച്ചിൻ ടെൻഡുൽക്കർ. ഒരു തോൽവി കൊണ്ട് പരമ്പരയെ വിലയിരുത്തേണ്ടെന്ന് സച്ചിൻ പറഞ്ഞു. എന്നാൽ ടീമിനെ വിമർശിച്ച് ഗവാസ്കർ രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും മോശം ടീമെന്ന വിലയിരുത്തലുമായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ടീമിനോട് ആദ്യ ടെസ്റ്റിൽ അതിദയനീയമായ തോൽവിയേറ്റു വാങ്ങിയ ഇന്ത്യ കടുത്ത വിമർശനമാണ് ക്രിക്കറ്റ് വിധഗ്ദരിൽ നിന്ന് ഏറ്റുവാങ്ങുന്നത്. 

ഇതിനിടെയാണ് ടീമിന് ആശ്വാസവാക്കുകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ രംഗത്തെത്തിയത്. ഒരു കളിയിലെ തോൽവി വലിയ ടൂർണമെന്‍റിന്‍റെ ഫലം തീരുമാനിക്കുന്ന ഘടകമല്ലെന്ന് സച്ചിൻ പറഞ്ഞു. നമ്മൾ ഇപ്പോൾ പരമ്പരയിൽ തോറ്റിട്ടില്ല. ഒരു കളി തോറ്റാൽ തിരിച്ചുവരില്ല എന്ന് അർത്ഥമില്ലെന്നും സച്ചിൻ വ്യക്തമാക്കി. എന്നാൽ സുനിൽ ഗാവസ്കർ ടീമിന്‍റെ പ്രകടത്തെ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. 

ഇന്ത്യൻ താരങ്ങൾ കളിയെ ലാഘവത്തോടെയാണ് കണ്ടതെന്ന് ഗാവസ്കർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടത്തിൽ ഒന്നാണ് പൂനെയിൽ കണ്ടത്.ഏറെ നേരം ബാറ്റ് ചെയ്യണെന്ന തിരിച്ചറിവ് താരങ്ങൾക്കുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓസ്ട്രേലിയൻ ടീം കളിയെ സമീപിച്ച രീതിയെയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും ഗാവസ്കർ പ്രശംസിച്ചു.മാർച്ച് നാലിന് ബെംഗളൂരുവിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.