ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 37 പന്തില്‍ ഒരു സിക്‌സടക്കം 29 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. ഇതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

വിശാഖപട്ടണം: സ്‌‌ട്രൈക്ക് നിലനിര്‍ത്താനായി സിംഗിളുകള്‍ നഷ്ടപ്പെടുത്തുന്നത് എം എസ് ധോണിയെ മുമ്പും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ കൂറ്റന്‍ സിക്‌സുകളിലൂടെ ധോണി ഈ വിമര്‍ശനങ്ങളെ അതിജീവിക്കാറുണ്ടായിരുന്നു. അടുത്തകാലത്ത് ധോണിയുടെ ഈ ശ്രമങ്ങള്‍ അത്രകണ്ട് വിജയിക്കുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 37 പന്തില്‍ ഒരു സിക്‌സടക്കം 29 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. എട്ട് സിംഗിളുകള്‍ എം എസ് ഡി നഷ്ടപ്പെടുത്തുകയും ചെയ്തു.

ഇതില്‍ ധോണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ധോണിക്കെതിരായ വിമര്‍ശനങ്ങളെ കുറിച്ച് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പറയുന്നതിങ്ങനെ... 'മറ്റ് താരങ്ങള്‍ക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒരു ബാറ്റ്സ്‌മാന്‍ സ്‌ട്രൈക്ക് നിലനിര്‍ത്തുന്നത് നീതിയാണ്. കൂറ്റനടികള്‍ക്ക് പേരുകേള്‍ക്കാത്ത ചാഹലിനെ പോലെ ഒരാള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികം. വമ്പനടികള്‍ക്ക് കഴിയാത്ത നിലവിലെ സാഹചര്യത്തില്‍ പോലും ധോണി ലോകോത്തര ഫിനിഷറാണെന്നും മാക്‌സി പറഞ്ഞു. 

ഏകദിനത്തില്‍ 2018 മുതല്‍ ധോണിയുടെ സ്‌‌ട്രൈക്ക് റേറ്റ് 80ലും താഴെയാണ്. എന്നാല്‍ 2019ല്‍ നാല് ടി20 കളിച്ചപ്പോള്‍ നൂറ് സ്‌ട്രൈക്ക് റേറ്റ് കണ്ടെത്താന്‍ 37കാരനായി. വിശാഖപട്ടണത്ത് ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ആറ് വിക്കറ്റിന് 100 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഘട്ടത്തില്‍ വാലറ്റത്തിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്നു ധോണി. എന്നാല്‍ കൂറ്റനടിക്കാര്‍ ആരും ബാക്കിയില്ലാത്ത ടീമിനായി പ്രതിരോധിച്ച് കളിച്ച ധോണി 37 പന്ത് നേരിട്ടപ്പോള്‍ ഒരു സിക്‌സര്‍ മാത്രമാണ് നേടിയത്.