സിഡ്നി: ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൈവന്ന ഓസ്ട്രേലിയയിലെ പരമ്പര നേട്ടം ടീം ഇന്ത്യ ആഘോഷിച്ചത് വിജയനൃത്തം ചവിട്ടി. മഴമൂലം കളി തടസപ്പെട്ടതിനാല്‍ സിഡ്നി ടെസ്റ്റ് സമനിലയായശേഷം പരമ്പര ഉറപ്പിച്ച ഇന്ത്യ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങും വഴിയാണ് ഗ്രൗണ്ടില്‍ വിജയനൃത്തം ചവിട്ടിയത്. ടീമിലെ ആഘോഷക്കമ്മിറ്റിക്കാരനായ റിഷഭ് പന്തായിരുന്നു അത് തുടങ്ങിവെച്ചത്. ടീം അംഗങ്ങളെല്ലാം അതില്‍ ആവേശപൂര്‍വം പങ്കു ചേര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അവര്‍ക്കൊപ്പം കൂടി.

എന്നാല്‍ പൊതുവെ ശാന്തപ്രകൃതക്കാരനായ പൂജാര അതില്‍ ചേരാന്‍ അല്‍പം മടിച്ചുനിന്നപ്പോള്‍ യുവതാരം റിഷഭ് പന്ത് നിര്‍ബന്ധപൂര്‍വം പൂജാരയോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പൂജാരയുടെ കൈപിടിച്ച് കാണിച്ചുകൊടുക്കുകയും ചെയ്തു.

മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തര്‍ ഡാന്‍സിനെ്കുറിച്ച് ചോദിച്ചപ്പോള്‍ കോലിയുടെ പ്രതികരണം രസകരമായിരുന്നു. അത്തരമൊരു പരിപാടിയെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അപ്രതീക്ഷിതമായിു റിഷഭ് പന്താണ് അത് തുടങ്ങിവെച്ചത്. പിന്നെ എല്ലാവരും അത് ഏറ്റുപിടിച്ചു. പൂജാരയുടെ ഡാന്‍സിനെ്ക്കുറിച്ചുള്ള ചോദ്യത്തിന് പൂജാരയുടെ ബാറ്റിംഗ് പോലെയാണ് അദ്ദേഹത്തിന്റെ ഡാന്‍സും. ഡാന്‍സ് കളിക്കുമ്പോള്‍ കൈയോ കാലോ ഇളകാറില്ല. പൂജാരയെ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിക്കുകയായിരുന്നു പന്തെന്ന് കോച്ച് രവി ശാസ്ത്രിയും പ്രതികരിച്ചു.