പൂനെ: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് പൂനെയില്‍ തുടക്കമാകും. എതിരാളികളെ കുറിച്ച് ഇന്ത്യ ആശങ്കപ്പെടുന്നില്ലെന്ന് ക്യാപ്റ്റന്‍ കൊഹ്‌ലി പറഞ്ഞു. ഇന്ത്യയിലെ റെക്കോര്‍ഡ് ഓസ്‌ട്രേലിയ തിരുത്തുമെന്ന് നായകന്‍ സ്മിത്ത് അവകാശപ്പെട്ടു. വിരാട് കൊഹ്‌ലി, ആര്‍ അശ്വിന്‍ എന്നിവര്‍ ബാറ്റിങിലും ബൗളിങിലും ഇന്ത്യയുടെ പ്രതീക്ഷകളാണ്. അതേസമയം മറുവശത്ത് ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്‌മിത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയും മിച്ചല്‍ സ്റ്റാര്‍ക്ക് നേതൃത്വം നല്‍കുന്ന ബൗളിങ് നിരയും ശക്തമാണ്.

തുടര്‍ച്ചയായ 19 ടെസ്റ്റുകളില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഓസീസിനെ നേരിടുന്നത്. വിരാട് കൊഹ്‌ലി ക്യാപ്റ്റനായതിന് ശേഷം ശ്രീലങ്കയിലും വെസ്റ്റ് ഇന്‍ഡീസിലും ന്യുസീലന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ബംഗ്ലാദേശിനെതിരെയും ഇന്ത്യ പരമ്പര നേടി. ഇതോടെ ടെസ്റ്റിലെ ഒന്നാം റാങ്കും ഇന്ത്യയെ തേടിയെത്തി.

ഓസ്‌ട്രേലിയ അവസാനം ഇന്ത്യയില്‍ കളിച്ചപ്പോള്‍ ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ഇരുടീമും അവസാനം ഏറ്റുമുട്ടിയത് ഓസ്‌ട്രേലിയയിലാണ്. അന്ന് നാല് ടെസ്റ്റുകളുടെ പരന്പര ഓസീസ് 2-0ന് സ്വന്തമാക്കി.