ഓസ്ട്രേലിയന്‍ കളിക്കാരോട് എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യമാണ്. കോലിയെ പ്രകോപിപ്പിക്കരുത്. കാരണം വെല്ലുവിളികള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന കളിക്കാരനാണ് കോലി. കോലിയെ നിങ്ങളുടെ നല്ല ചങ്ങാതിയാക്കു.

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ഛായാ ചിത്രം മൊണാലിസയോട് ഉപമിച്ച് ഓസീസ് ഇതിഹാസ താരം ഡീന്‍ ജോണ്‍സ്. മൊണാലിസയുടെ ചിത്രംപോലെ പൂര്‍ണതയുള്ള കളിയാണ് കോലിയുടേതന്ന് ഡീന്‍ ജോണ്‍സ് പറഞ്ഞു.

കോലിയുടെ കളിയില്‍ എന്തെങ്കിലും കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നത് മൊണാലിസയുടെ ചിത്രത്തില്‍ കുറ്റം കണ്ടുപിടിക്കുന്നതുപോലെയാണ്. അതുകൊണ്ടുതന്നെ കോലി കവര്‍ ഡ്രൈവ് കളിക്കുന്നതില്‍ നിന്ന് നിര്‍ബന്ധമായും എതിരാളികള്‍ തടയയിടണണെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു. കഴിഞ്ഞ പരമ്പരയില്‍ നാലു ടെസ്റ്റില്‍ നാലു സെഞ്ചുറിയാണ് കോലി അടിച്ചെടുത്തത്. അസാമാന്യ മികവോടെ കവര്‍ ഡ്രൈവ് കളിക്കുന്ന കോലി അതേ അനായസയതോടെ മിഡ് വിക്കറ്റിലേക്കും ഷോട്ട് പായിക്കും.

അതുകൊണ്ട് ഓസ്ട്രേലിയന്‍ കളിക്കാരോട് എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യമാണ്. കോലിയെ പ്രകോപിപ്പിക്കരുത്. കാരണം വെല്ലുവിളികള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന കളിക്കാരനാണ് കോലി. കോലിയെ നിങ്ങളുടെ നല്ല ചങ്ങാതിയാക്കു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ഓസ്ട്രേലിയയെക്കാള്‍ കാതങ്ങള്‍ മുന്നിലാണ്. ഇത്തവണ ഓസ്ട്രേലിയന്‍ ടീമില്‍ സ്മിത്തും വാര്‍ണറും ഇല്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരനേടാനുള്ള ഏറ്റവും നല്ല അവസരമാണിത്. ഇപ്പോള്‍ നേടിയില്ലെങ്കില്‍ ഇനിയൊരിക്കലും ഇന്ത്യ അത് നേടാന്‍ പോവുന്നില്ലെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.