ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഏക പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളംകുടിപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു.

സിഡ്നി: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഏക പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളംകുടിപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. ഡാര്‍സി ഷോര്‍ട്ട്(74), ബ്രയാന്റ്(62), നീല്‍സന്‍(56 നോട്ടൗട്ട്), ഹാര്‍ഡി(69 നോട്ടൗട്ട്) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഓസീസ് ഇന്ത്യന്‍ സ്കോറിനൊപ്പമെത്തിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഡാര്‍സി ഷോര്‍ട്ട്-ബ്രയാന്റ് സഖ്യം 114 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലിയടക്കം ഏഴ് ബൗളര്‍മാരെ പരീക്ഷിച്ച ഇന്ത്യക്കായി മുഹമ്മദ് ഷാമി 67 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവും അശ്വിനും ഓരോ വിക്കറ്റെുത്തു. 16 ഓവര്‍ എറിഞ്ഞ ഇഷാന്ത് ശര്‍മക്കും 11 ഓവര്‍ എറിഞ്ഞ രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റൊന്നും ലഭിച്ചില്ല.

അടുത്ത മാസം ആറിന് ആദ്യ ടെസ്റ്റ് തുടങ്ങാനിരിക്കെ ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നതാണ് ബൗളര്‍മാരുടെ പ്രകടനം. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും ബൗള്‍ ചെയ്തില്ല. ഫീല്‍ഡിംഗിനിടെ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ കണങ്കാലിന് പരിക്കേറ്റതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഷാ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ദിനം മഴമൂലം നഷ്ടമായിരുന്നു.