അടിപിടി കേസില്‍ വിചാരണ നേരിട്ട ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് വീണ്ടുമൊരാളുടെ മുഖത്തിടിച്ചു. ഇത്തവണ മന: പൂര്‍വമല്ല, അബദ്ധത്തിലാണെന്ന് മാത്രം. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ നാലാം ദിവസത്തെ കളിക്കിടെയായിരുന്നു സംഭവം.
സതാംപ്ടണ്‍: അടിപിടി കേസില്‍ വിചാരണ നേരിട്ട ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് വീണ്ടുമൊരാളുടെ മുഖത്തിടിച്ചു. ഇത്തവണ മന: പൂര്‍വമല്ല, അബദ്ധത്തിലാണെന്ന് മാത്രം. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ നാലാം ദിവസത്തെ കളിക്കിടെയായിരുന്നു സംഭവം. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 61-ാം ഓവറില്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന അജിങ്ക്യാ രഹാനെ പുറത്താക്കിയതിന്റെ ആഘോഷത്തിനിടെയായിരുന്നു രസകരമായ സംഭവം.
വിക്കറ്റ് വീണത് ആഘോഷിക്കുന്നതിനിടെ വായുവില്‍ മുഷ്ടിചുരുട്ടി ആഘോഷിച്ച ബെന്‍ സ്റ്റോക്സിന്റ ഇടി കൊണ്ടത് പക്ഷെ മോയിന്‍ അലിക്ക് പിന്നില്‍ നില്‍ക്കുകയായിരുന്ന ആദില്‍ റഷീദിന്റെ മൂക്കിലായിരുന്നു. സംഭവത്തില്‍ റഷീദിന് പരിക്കില്ല. നൈറ്റ് ക്ലബ്ബില്‍ നിന്നിറങ്ങി റോഡില്‍വെച്ച് അടിയുണ്ടാക്കിയ കേസില്‍ സ്റ്റോക്സ് വിചാരണ നേരിട്ടിരുന്നു. പിന്നീട് കോടതി സ്റ്റോക്സിനെ കുറ്റവിമുക്തനാക്കി.
വിചാരണയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ സ്റ്റോക്സിന് രണ്ടാം ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല. മത്സരത്തില്‍ ഇംഗ്ലണ്ടിനായി 53 റണ്‍സടിച്ച സ്റ്റോക്സ് മൂന്ന് വിക്കറ്റും വീഴ്ത്തി വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. വിജയലക്ഷ്യമായ 245 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 60 റണ്‍സിനാണ് തോറ്റത്. തോല്‍വിയോടെ പരമ്പര 3-1ന് ഇന്ത്യ കൈവിടുകയും ചെയ്തു.
