ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് വ്യാഴാഴ്ച ലോര്‍ഡ്സില്‍ തുടക്കമാവുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നറിയാനാണ്.

ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് വ്യാഴാഴ്ച ലോര്‍ഡ്സില്‍ തുടക്കമാവുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നറിയാനാണ്. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റം എന്തായാലും ഉറപ്പാണെന്നാണ് വിലയിരുത്തല്‍. രണ്ടില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഓപ്പണിംഗ്: ആദ്യ ടെസ്റ്റില്‍ കാര്യമായി സ്കോര്‍ ചെയ്യാനാവാതിരുന്ന ശീഖര്‍ ധവാന്‍ രണ്ടാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. അങ്ങനെ വന്നാല്‍ കെ എല്‍ രാഹുലും മുരളി വിജയ്‌യും ആവും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ഡൗണായി പൂജാര അന്തിമ ഇലവനില്‍ കളിക്കുമെന്നുതന്നെയാണ് ഇതുവരെയുള്ള സൂചനകള്‍.

മധ്യനിര: പൂജാരക്കുശേഷം നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ ഇറങ്ങു. അഞ്ചാമനായി കോലി കഴിഞ്ഞാല്‍ വിദേശപിച്ചുകളിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ അജിങ്ക്യാ രഹാനെ എത്തും. ആറാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്കിന് ഒരവസരം കൂടി ലഭിച്ചേക്കും.

ഓള്‍ റൗണ്ടര്‍മാര്‍: ആര്‍ ആശ്വിന്‍ ഏഴാം നമ്പറില്‍ ഇറങ്ങിയാല്‍ പേസ് ബൗളിംഗ് ഓറ്‍ റൗണ്ടര്‍ എന്ന നിലയില്‍ ഹര്‍ദ്ദീക് പാണ്ഡ്യ അന്തിമ ഇലവനില്‍ കളിക്കാനുള്ള സാധ്യത കുറവാണ്.

ബൗളിംഗ് നിര: ലോര്‍ഡ്സിലെ വരണ്ട കാലാവസ്ഥ കണക്കിലെടുത്ത് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ അന്തിമ ഇലവനിലെത്തും. പേസ് ബൗളര്‍മാരില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ല. മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും തന്നെ അന്തിമ ഇലവനില്‍ കളിക്കും