ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഹര്‍ദ്ദീക് പാണ്ഡ്യയെ ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കാനാവില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും കാര്യമായി

ലണ്ടന്‍: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഹര്‍ദ്ദീക് പാണ്ഡ്യയെ ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കാനാവില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും കാര്യമായി തിളങ്ങാന്‍ പാണ്ഡ്യക്കായിരുന്നില്ല. നാല് ഇന്നിംഗ്സുകളില്‍ നിന്ന് 90 റണ്‍സും മൂന്ന് വിക്കറ്റും മാത്രമാണ് പാണ്ഡ്യയുടെ സമ്പാദ്യം. ഈ സാഹചര്യത്തിലാണ് ഹര്‍ഭജന്റെ വിമര്‍ശനം.

ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പാണ്ഡ്യ അധികം റണ്‍സൊന്നും നേടിയിട്ടില്ല. ബൗളറെന്ന നിലയില്‍ അയാളില്‍ ക്യാപ്റ്റനൊട്ട് വിശ്വാസവുമില്ല. ഇംഗ്ലണ്ടിലെ അനുകൂല സാഹചര്യങ്ങളില്‍പോലും വിക്കറ്റെടുക്കാനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലെ പാണ്ഡ്യയുടെ സ്ഥാനം ഭാവിയില്‍ അപകടത്തിലാവുമെന്നും ആജ് തക് ചാനലിന് അുവദിച്ച അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടീമിലെ ഓള്‍ റൗണ്ടര്‍മാരായ സാം കുറാനെയും ബെന്‍ സ്റ്റോക്സിനെയും ക്രിസ് വോക്സിനെയും നോക്കു. അവരെല്ലാം ടീമിന്റെ ജയത്തിലേക്ക് നിര്‍ണായക സംഭവകനകള്‍ നല്‍കിയവരാണ്. ഓള്‍ റൗണ്ടര്‍ എന്നാല്‍ ബാറ്റു കൊണ്ടും ബോളുകൊണ്ടും ടീമിന് സംഭാവന ചെയ്യുന്നവരാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി സ്റ്റോക്സും കുറാനും രണ്ടാം ടെസ്റ്റില്‍ വോക്സും ചെയ്തതുപോലെ. അതുകൊണ്ടുതന്നെ ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കപ്പെടാന്‍ പാണ്ഡ്യ അര്‍ഹനല്ല. ഒറ്റ രാത്രികൊണ്ട് അയാള്‍ക്ക് കപില്‍ ദേവാകാനാവില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഫസ്റ്റ് ക്ലാസ് കരിയറില്‍ കാര്യമായ പ്രകടനമൊന്നും നടത്തിയിട്ടില്ലാത്ത പാണ്ഡ്യ ഐപിഎല്‍ മികവിന്റെ പേരിലാണ് ആദ്യം ഏകദിന ടീമിലും പിന്നീട് ടെസ്റ്റ് ടീമിലും എത്തിയത്. ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റില്‍ നിന്നായി ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും അടക്കം 458 റണ്‍സാണ് പാണ്ഡ്യയുടെ സമ്പാദ്യം.