ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ കോലി 937 റേറ്റിംഗ് പോയന്റുമായി കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്റെന്ന നേട്ടവും സ്വന്തമാക്കി
ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ കോലി 937 റേറ്റിംഗ് പോയന്റുമായി കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്റെന്ന നേട്ടവും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കോലി ആദ്യ ഇന്നിംഗ്സില്‍ 48 ഉം രണ്ടാം ഇന്നിംഗ്സില്‍ 58 ഉം റണ്‍സും നേടിയിരുന്നു.
929 റേറ്റിംഗ് പോയന്റുള്ള ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. 847 റേറ്റിംഗ് പോയന്റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ മൂന്നാമതാണ്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ബാറ്റിംഗ് റാങ്കിംഗില്‍ ആറാം സ്ഥാനം നിലനിര്‍ത്തി. പതിനെട്ടാം സ്ഥാനത്തുള്ള അജിങ്ക്യാ രഹാനെയാണ് ആദ്യ ഇരുപതിലെ മറ്റൊരു ഇന്ത്യന്‍ താരം.
ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ ഓള്‍ റൗണ്ടര്‍ സാം കറനും റാങ്കിംഗില്‍ വലിയ കുതിപ്പ് നടത്തി. ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ 23 സ്ഥാനം മെച്ചപ്പെടുത്തിയ കറന്‍ 43-ാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ 11 സ്ഥാനങ്ങള്‍ കയറിയ കറന്‍ 55-ാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ 27 സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാമതെത്താനും കറനായി.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറിങ്ങി മൂന്നാമതായി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിനും ഒരു സ്ഥാനം നഷ്ടമായി. അഞ്ചാം സ്ഥാനത്താണ് അശ്വിനിപ്പോള്‍. ബൗളര്‍മാരില്‍ ജെയിംസ് ആന്‍ഡേഴ്സന്‍ തന്നെയാണ് ഒന്നാമത്. ജഡേജ മൂന്നാമതും അശ്വിന്‍ എട്ടാമതുമാണ്.
ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും 125 പോയന്റുമായി ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 106 പോയന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 97 പോയന്റുമായി ഇംഗ്ലണ്ട് അഞ്ചാമതാണ്.
