ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോലി കുതിപ്പ് തുടരുകയാണ്. സതാംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 58 റണ്‍സെടുത്ത് പുറത്തായ കോലി ടെസ്റ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി.
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോലി കുതിപ്പ് തുടരുകയാണ്. സതാംപ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 58 റണ്‍സെടുത്ത് പുറത്തായ കോലി ടെസ്റ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ 3454 റണ്‍സ് നേടിയിട്ടുള്ള മുന്‍ നായകന്‍ എംഎസ് ധോണിയെ ആണ് കോലി പിന്നിലാക്കിയത്.
ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 3449 റണ്‍സ് നേടിയിട്ടുള്ള സുനില്‍ ഗവാസ്കറാണ് കോലിക്കും ധോണിക്കും പിന്നിലുള്ളത്. ഇതിനുപുറമെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ 1500 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരവുമായി കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(2535), സുനില്‍ ഗവാസ്കര്‍(2483), രാഹുല്‍ ദ്രാവിഡ്(1950), ഗുണ്ടപ്പ വിശ്വനാഥ്(1589), ദിലീപ് വെംസര്‍ക്കാര്‍(1589) എന്നിവരാണ് കോലിക്ക് പുറമെ ഇംഗ്ലണ്ടിനെതിരെ 1500 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള മറ്റ് ബാറ്റ്സ്മാന്‍മാര്‍.
ഇതിന് പുറമെ വിദേശത്ത് ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും ഇപ്പോള്‍ കോലിയുടെ പേരിലാണ്. വിദേശത്ത് 1693 റണ്‍സ് നേടിയിട്ടുള്ള സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. വിദേശത്ത് ക്യാപ്റ്റനെന്ന നിലയില്‍ 1591 റണ്‍സ് നേടിയിട്ടുള്ള ധോണിയാണ് പട്ടികയില്‍ മൂന്നാമത്.
