ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യമാണ്

ലീഡ്സ് : ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിന് ശേഷം ധോണി വിരമിച്ചെന്ന് അഭ്യൂഹം പരക്കുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യമാണ് ഇപ്പോള്‍ ഇത്തരം ഒരു അഭ്യൂഹത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിക്ക് പിന്നിലായി അംപയർമാർക്കൊപ്പം നടന്നെത്തിയ ധോണി പന്ത് ചോദിച്ചുവാങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

പതിവായി കളി കഴിഞ്ഞ് സ്റ്റംമ്പ് സ്വന്തമാക്കാറുള്ള ധോണി അതില്‍ നിന്നും വ്യത്യസ്തമായി പന്ത് ചോദിച്ചുവാങ്ങിയതാണ് കൗതുകം ഉണര്‍ത്തിയിരിക്കുന്നത്. 2014ലെ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയ്ക്കു വച്ച് അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച ധോണി, അന്നും ബോള്‍ ചോദിച്ച് വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതാണ് ഇപ്പോഴത്തെ അഭ്യൂഹത്തിന് കാരണം. 

ഐപിഎൽ ക്രിക്കറ്റിൽ ധോണി തുടരുമെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാൽ, ധോണിയുടെ വിരമിക്കൽ വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ഇന്ത്യൻ ടീം വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷത്തെ ലോകകപ്പ് വരെ ധോണി ടീമിനൊപ്പമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികച്ച പരമ്പരയുടെ ഓർമയ്ക്കാവാം പന്ത് ചോദിച്ചു വാങ്ങിയതെന്നാണ് മറ്റൊരു അഭ്യൂഹം.