ദില്ലി: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളിൽനിന്ന് ഗൗതം ഗംഭീർ പുറത്ത്. ആഭ്യന്തരക്രിക്കറ്റിലെ പ്രകടനത്തോടെ ടീമില്‍ എത്തിയ ഗംഭീര്‍ രാജ്കോട്ടിൽ നടന്ന ആദ്യ ടെസ്റ്റിൽ ഗംഭീർ കളിച്ചിരുന്നെങ്കിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റിൽ ഗംഭീറിനു പകരം കെ.എൽ.രാഹുലിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. രാഹുൽ രണ്ടാം ടെസ്റ്റിൽ തിളങ്ങിയില്ലെങ്കിലും ഗംഭീറിനെ ശേഷിക്കുന്ന ടെസ്റ്റുകളിൽനിന്നു പുറത്തുനിർത്താൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു. 

ഗംഭീറിനു പകരം പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കിൽനിന്നു വിമുക്‌തനായി ആഭ്യന്തരക്രിക്കറ്റിൽ ശാരീരിക ക്ഷമത തെളിയിച്ചതിനെ തുടർന്നാണ് ഭുവനേശ്വറിനെ ടീമിൽ ഉൾപ്പെടുത്തിയത്. രണ്ടാം ടെസ്റ്റിൽനിന്ന് ഒഴിവാക്കിയ അമിത് മിശ്രയെ നാലാം സ്പിന്നറായി ടീമിൽ നിലനിർത്തി. അരങ്ങേറ്റം കാത്തിരിക്കുന്ന കരുൺ നായർ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഇതേവരെ അവസരം ലഭിച്ചിട്ടില്ല. 

അതേസമയം മിശ്രയ്ക്കു പകരം രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ ജയന്ത് യാദവ് നാലു വിക്കറ്റുമായി അവസരം മുതലെടുക്കുകയും ചെയ്തു. മൊഹാലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇംഗ്ലണ്ടിനെതിരായ ബാക്കി മൂന്നു ടെസ്റ്റുകൾ നടക്കുന്നത്.