ബേ ഓവല്‍ എകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്ക് ചരിത്രനേട്ടം. കൂടുതല്‍ ഏകദിനം കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ അസറിനൊപ്പം ധോണി മൂന്നാമതെത്തി.  

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ എം എസ് ധോണി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദീന്‍റെ നേട്ടത്തിനൊപ്പമെത്തി. കൂടുതല്‍ ഏകദിനം കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ അസറിനൊപ്പം ധോണി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ധോണിയും അസറും 334 ഏകദിനങ്ങളാണ് കളിച്ചത്.

463 ഏകദിനങ്ങള്‍ കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറും 340 മത്സരങ്ങളുമായി രാഹുല്‍ ദ്രാവിഡുമാണ് ധോണിക്ക് മുന്നിലുള്ളത്. ഏകദിനത്തില്‍ ധോണി 337 മത്സരങ്ങള്‍ കളിച്ചെങ്കിലും ഇവയില്‍ മൂന്നെണ്ണം ഏഷ്യന്‍ ഇലവനുവേണ്ടിയായിരുന്നു. 

തന്‍റെ 337-ാം ഏകദിനത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ എം എസ് ധോണിക്കായി. അവസാന ഓവറുകളില്‍ ധോണി നടത്തിയ മിന്നും ബാറ്റിംഗാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍(324-4) എത്തിച്ചത്. എന്നാല്‍ അര്‍ദ്ധ സെ‍ഞ്ചുറി നേടാന്‍ മുന്‍ ഇന്ത്യന്‍ നായകനായില്ല. ധോണി 33 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു.