വെല്ലിംഗ്ടണില്‍ തന്നെ നടന്ന ആദ്യ മത്സരത്തില്‍ ടോസിലൊഴികെ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ബാറ്റിംഗിലും ബൗളിഗിലും ഫീല്‍ഡിംഗലും ഇന്ത്യക്ക് പിഴവുകളുടെ ദിനമായിരുന്നു.

വെല്ലിംഗ്ടണ്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെള്ളിയാഴ്ച ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടും. തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേടാണ് രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുന്നത്. ജയിച്ചാല്‍ പരമ്പരയില്‍ ഒപ്പമെത്താം എന്നതുമാത്രമല്ല, ന്യൂസിലന്‍ഡില്‍ ടി20 ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന ചരിത്രമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിലെ കനത്ത തോല്‍വിയുടെ ആഘാതം ഇന്ത്യ എങ്ങനെ മറികടക്കുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

വെല്ലിംഗ്ടണില്‍ തന്നെ നടന്ന ആദ്യ മത്സരത്തില്‍ ടോസിലൊഴികെ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ബാറ്റിംഗിലും ബൗളിഗിലും ഫീല്‍ഡിംഗിലും ഇന്ത്യക്ക് പിഴവുകളുടെ ദിനമായിരുന്നു. സീഫര്‍ട്ടിന്റെ വെടിക്കെട്ടാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ കണക്കുക്കൂട്ടല്‍ തെറ്റിച്ചത്. ഖലീല്‍ അഹമ്മദിനൊപ്പം ഭുവനേശ്വര്‍കുമാറും നിറം മങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് പവര്‍ പ്ലേ ഓവറുകളില്‍ തന്നെ കളി കൈക്കലാക്കി. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ ഖലീല്‍ അഹമ്മദിന് പകരം മുഹമ്മദ് സിറാജോ സിദ്ധാര്‍ഥ് കൗളോ അന്തിമ ഇലവനില്‍ ഇടം നേടിയേക്കും.

എട്ട് ബാറ്റ്സ്മാന്‍മാരുണ്ടായിട്ടും ന്യൂസിലന്‍ഡ് ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതാന്‍പോലും നില്‍ക്കാതെയാണ് ഇന്ത്യ ആദ്യ മത്സരം തോറ്റത്. അതിനാല്‍ ബാറ്റിംഗിലും കാര്യമായ അഴിച്ചുപണിക്കുളള സാധ്യതയുണ്ട്. ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ മത്സരിക്കുന്ന ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവര്‍ക്കും മത്സരം നിര്‍ണായകമാണ്. മൂന്നാം നമ്പറില്‍ വിജയ് ശങ്കറിന് വീണ്ടും അവസരം ലഭിക്കുമോ എന്നും കാത്തിരുന്നു കാണേണ്ട കാര്യമാണ്.