കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഓപ്പണര്‍ ശീഖര്‍ ധവാനെയും പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കി.വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ഇരുവരുടെയും അഭ്യര്‍ഥന കണക്കിലെടുത്താണിത്. വിവാഹത്തിനായാണ് ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങളാലാണ് ധവാന്‍ ടീമില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഭുവനേശ്വര്‍ കുമാര്‍ മൂന്നാം ടെസ്റ്റിലും കളിക്കില്ല. ധവാന്‍ മൂന്നാം ടെസ്റ്റില്‍ കളിക്കും. ഇരുവര്‍ക്കും പകരക്കാരനായി തമിഴ്‌നാടിന്റെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്. 24 മുതല്‍ നാഗ്‌പൂരിലാണ് രണ്ടാം ടെസ്റ്റ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസറ്റില്‍ എട്ടു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍കുമാറായിരുന്നു കളിയിലെ കേമന്‍.
ശീഖര്‍ ധവാന് പകരം മുരളി വിജയ് രണ്ടാം ടെസ്റ്റില്‍ ലോകേഷ് രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. തമിഴ്‌നാടിന്റെ ഏകദിന ടീം നായകനാണ് ടീമില്‍ ഉള്‍പ്പെടുത്തിയ വിജയ് ശങ്കര്‍. 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1671 റണ്‍സും 27 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ എക്കായും മികച്ച പ്രകടനം പുറത്തെടുത്ത ശങ്കര്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് ഹര്‍ദീക് പാണ്ഡ്യയുടെ പകരക്കാരനായാണ് കണക്കാക്കുന്നത്.
