ധാംബുള്ള: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ധാംബുള്ളയിൽ ഉച്ചയ്ക്ക് 2.30 നാണ് മത്സരം. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 304 റൺസിനപം തുടർന്നുള്ള രണ്ട് മത്സരങ്ങൾ ഇന്നിംഗ്സിനും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. 

എന്നാൽ തരംഗയുടെ സിംഹപ്പടയുടെ സ്ഥിതി അതല്ല. ഇന്ത്യക്ക് പുറമേ ഐസിസി റാംങ്കിങ്ങില്‍ 11-മത്തെ സ്ഥാനത്തുള്ള സിംബാബ്വെയോട് 3-2 ന് തോറ്റു. ചാമ്പ്യന്‍സ് ട്രോഫിയിലും മോശം പ്രകടനം. 2019 ലെ ലോകകപ്പിന് മത്സരിക്കാൻ ലങ്കയ്ക്ക് രണ്ട് വിജയങ്ങള്‍ കൂടിയേ തീരൂ. രണ്ടാം നിരയെ പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യക്കുള്ളത്.

ആർ അശ്വിനും ഉമേഷ് യാദവിനും, മുഹമ്മദ് ഷമിക്കും വിശ്രമമനുവദിച്ചതിനാൽ അക്സർ പട്ടേലിനും കുൽദീപ് യാദവിനും അവസരം ലഭിക്കും. ബാറ്റിംഗിൽ യുവരാജ് സിംഗിന് പകരം ടീമിലെത്തിയ മനീഷ് പാണ്ഡെ അ‍ഞ്ചാംസ്ഥാനത്തിറങ്ങും. മൂന്നാമനായി കെഎല്‍ രാഹുലിന് അവസരം ലഭിച്ചേക്കും. മഹേന്ദ്ര സിംഗ് ധോണിക്കും പരമ്പര ഏറെ നിർണ്ണായകമാണ്. 2019 ലെ ലോകകപ്പ് ടീമിൽ ഇടം നേടാൻ ധോണി മികച്ച പ്രകടനം തന്നെ പുറത്തിറക്കേണ്ടി വരും.