കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്കെതിരേ ശ്രീലങ്ക ദയനീയമായി തകർന്നടിഞ്ഞു. ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ലങ്ക മൂന്ന് ദിനം ആദ്യ ഇന്നിംഗ്സിൽ 183 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ബൗളർമാർ ലങ്കയെ തകർത്തത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. ആദ്യ ഇന്നിംഗ്സിൽ 622 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് ഇതോടെ 439 റണ്‍സിന്‍റെ കൂറ്റൻ ലീഡ് ലഭിച്ചു.

51 റണ്‍സ് നേടിയ ഡിക്‌വെല്ല മാത്രമാണ് ലങ്കൻ നിരയിൽ എന്തെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത്. ആഞ്ചലോ മാത്യൂസ് (26), ക്യാപ്റ്റൻ ദിനേശ് ചാണ്ഡിമൽ (10), കുശാൽ മെൻഡിസ് (24) എന്നിവരെല്ലാം പൊരുതാതെ കീഴടങ്ങി. ലങ്കൻ നിരയിൽ മൂന്ന് പേർ പൂജ്യത്തിനും പുറത്തായി. 50/2 എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ ലങ്കയ്ക്ക് ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്കെതിരേ ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൊഴിഞ്ഞതോടെ ഫോളോ ഓണ്‍ ചെയ്യേണ്ട സ്ഥിതിയിലാണ് ലങ്ക.

മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. അതിനാൽ പരന്പര നഷ്ടമാകാതിരിക്കാൻ ലങ്കയ്ക്ക് പരാജയം ഒഴിവാക്കേണ്ടത് അനിവാര്യമാണ്.