കൊളംബോ: ശീഖര്‍ ധവാന്റെ വെടിക്കെട്ടും ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ അനായസ വിജയം. ലങ്ക ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷ്യം 21 ഓവറും ഒമ്പത് വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 90 പന്തില്‍ 132 റണ്‍സുമായി പുറത്താകാതെ നിന്ന ധവാനും 70 പന്തില്‍ 82 റണ്‍സെടുത്ത കോലിയും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സ്കോര്‍ ശ്രീലങ്ക 43.2 ഓവറില്‍ 216ന് ഓള്‍ ഔട്ട്, ഇന്ത്യ 28.5 ഓവറില്‍ 220/1.
രോഹിത് ശര്‍മ(4) നിര്‍ഭാഗ്യകരമായ റണ്ണൗട്ടായ നിമിഷമൊഴിച്ചാല്‍ കളിയില്‍ ലങ്കയ്ക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ടെസ്റ്റ് പരമ്പരയിലേതിന് സമാനമായി ശീഖര്‍ ധവാന്‍ തന്നെ മുന്നില്‍ നിന്ന് നയിച്ചു. 36 പന്തില്‍ അര്‍ധസെഞ്ചുറിയെലെത്തിയ ധവാന്‍ 70 പന്തില്‍ മൂന്നക്കം കടന്നു. 20 ബൗണ്ടറിയും മൂന്ന് സിക്സറുകളും അടങ്ങുന്നതാണ് ധവാന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഏകദിനത്തിലെ ധവാന്റെ പതിനൊന്നാം സെഞ്ചുറിയാണിത്. മറുവശത്ത് ധവാന് പറ്റിയ കൂട്ടായി ക്യാപ്റ്റന്‍ കോലി. 50 പന്തില്‍ 50 തികച്ച കോലി 70 പന്തില്‍ 82 റണ്‍സുമായി വിജയത്തില്‍ ധവാന് കൂട്ടായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. മികച്ച തുടക്കത്തിനുശേഷം ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ ലങ്കയ്ക്ക് അടിതെറ്റുകയായിരുന്നു. 64 റണ്‍സെടുത്ത ഓപ്പണര്‍ നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍.ഒരു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് ലങ്ക 216 റണ്‍സിന് ഓള്‍ ഔട്ടായത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഡിക്‌വെല്ല-ഗുണതിലക സഖ്യം 14 ഓവറില്‍ 74 റണ്‍സടിച്ചു. ചാഹലിനെ റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ഗുണതിലകയുടെ(35) ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. എന്നാല്‍ പിന്നീടെത്തിയ കുശാല്‍ മെന്‍ഡിസിനെ(36) കൂട്ടുപിടിച്ച് ഡിക്‌വെല്ല അടിച്ചു തകര്‍ത്തതോടെ ലങ്ക മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. 74 പന്തില്‍ 64 റണ്‍സടിച്ച ഡിക്‌വെല്ലയെ കേദാര്‍ ജാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ലങ്കയുടെ തകര്‍ച്ചയും തുടങ്ങി. അധികം വൈകാതെ കുശാല്‍ മെന്‍ഡിസിനെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നീട് 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എയ്ഞ്ചലോ മാത്യൂസ് മാത്രമെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പൊരുതിനോക്കിയുള്ളു.
തരംഗ(13), കപുഗേദര(1), ഡിസില്‍വ(2), തിസാര പെരേര(0) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യന്‍ ലക്ഷ്യം 216ല്‍ ഒതുങ്ങി. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും കേദാര്‍ ജാദവ്, ചാഹല്‍, ബൂമ്ര എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.
