ബാറ്റിംഗിനിറങ്ങിയാല്‍ സെഞ്ചുറിയുമായി തിരികെ കയറുകയെന്ന പതിവ് വിരാട് കോലി ആവര്‍ത്തിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്കോര്‍. കോലിയുടെ സെഞ്ചുറിയുടെയും അംബാട്ടി റായിഡുവിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് 322 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.

വിശാഖപ്പട്ടണം: ബാറ്റെടുത്ത് ഇറങ്ങിയാല്‍ സെഞ്ചുറിയുമായി തിരിച്ചു കയറുകയെന്ന പതിവ് വിരാട് കോലി ആവര്‍ത്തിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് മികച്ച സ്കോര്‍. കോലിയുടെ അപരാജിത സെഞ്ചുറിയുടെയും അംബാട്ടി റായിഡുവിന്റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിന്‍ഡീസിന് 322 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.

പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിത് ശര്‍മ തുടക്കത്തിലെ മടങ്ങിയപ്പോള്‍ വിന്‍ഡീസ് ഒന്ന് ആശ്വസിച്ചതാണ്. ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 15 റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു. ധവാന്‍ നല്ല തുടക്കമിട്ടെങ്കിലും 29 റണ്‍സെടുത്ത് പുറത്തായി. സ്കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 40 റണ്‍സ്. പിന്നീടായിരുന്നു വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി കോലിയും റായിഡുവും തകര്‍ത്തടിച്ചത്. 139 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റാഡിയു-കോലി സഖ്യം ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കി.

80 പന്തില്‍ 73 റണ്‍സടിച്ച റായിഡു പുറത്തായശേഷമെത്തിയ ധോണിയെ സാക്ഷി നിര്‍ത്തിയായിരുന്നു കോലി ഏകദിനത്തില്‍ 10000 പിന്നിട്ടത്. ഒരു സിക്സറടിച്ചെങ്കിലും 25 പന്തില്‍ 20 റണ്‍സെടുത്ത ധോണി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിന്നീടെത്തിയ പന്ത് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ഇതിനിടെ കോലി കരിയറിലെ 37-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറിക്ക് ശേഷം ജഡേജയുടെ കൂട്ടുപിടിച്ച് കോലി ഇന്ത്യന്‍ സ്കോര്‍ 300 കടത്തി.

56 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ കോലി 106 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച കോലി 127 പന്തില്‍ 150 കടന്നു.129 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്സറുകളും പറത്തിയ കോലി 157 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ആഷ്‌ലി നേഴ്സ് ബൗളിംഗില്‍ തിളങ്ങി.