വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311 റണ്‍സിന് മറുപടിയായി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറികളുമായി അജിങ്ക്യാ രഹാനെയും റിഷഭ് പന്തും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ വിന്‍ഡീസ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് 51 റണ്‍സ് കൂടി മതി. 

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311 റണ്‍സിന് മറുപടിയായി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിലാണ്. അര്‍ധസെഞ്ചുറികളുമായി അജിങ്ക്യാ രഹാനെയും റിഷഭ് പന്തും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ വിന്‍ഡീസ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് 51 റണ്‍സ് കൂടി മതി.

കെ എല്‍ രാഹുല്‍, പൃഥ്വി ഷാ(70), ചേതേശ്വര്‍ പൂജാര(10), വിരാട് കോലി(45) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-പൃഥ്വി ഷാ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും നാലു റണ്‍സ് മാത്രമായിരുന്നു രാുലിന്റെ സംഭാവന. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷാ 53 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ് 70 റണ്‍സെടുത്തത്. 25 പന്ത് നേരിട്ട രാഹുല്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

295/7 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 311ന് ഓള്‍ ഔട്ടായിരുന്നു.റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. 106 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.