സച്ചിന്‍ മാത്രമല്ല, കോലിയുടെ ശരവേഗതയില്‍ വഴുതി വീണത് ഇതിഹാസനിര. ഇതുവരെ വിവിധ റെക്കോര്‍ഡുകള്‍ കൈവശം വെച്ചിരുന്ന ദ്രാവിഡും ജയസൂര്യയും ധോണിയും കോലിയുടെ മിന്നല്‍ റണ്‍വേട്ടയില്‍ അപ്രത്യക്ഷമായി...
വിശാഖപട്ടണം: ഏകദിനത്തില്‍ 10000 തികച്ച വിരാട് കോലി പിന്തള്ളിയത് ഇതിഹാസ താരങ്ങളെ. കുറഞ്ഞ ഇന്നിംഗ്സില്‍ പതിനായിരം തികച്ച താരമെന്ന നേട്ടത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനെയാണ് കോലി പിന്തള്ളിയത്. എന്നാല്‍ മറ്റ് റെക്കോര്‍ഡുകളില്‍ കോലിക്ക് പിന്നിലായവരില്‍ ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡും സനത് ജയസൂര്യയും എംഎസ് ധോണിയുമുണ്ട്.

അരങ്ങേറ്റം മുതലുള്ള ദിവസങ്ങള്‍ പരിഗണിച്ചാല്‍ വേഗതയില്‍ 10000 റണ്‍സ് തികച്ചത് കോലിയാണ്. 3270 ദിവസങ്ങള്‍ കൊണ്ട് കോലി നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ദ്രാവിഡിന് 3969 ദിവസങ്ങള്‍ വേണ്ടിവന്നു. കുറഞ്ഞ പന്തില്‍ പതിനായിരം തികച്ചതോടെയാണ് കോലി പ്രഭാവത്തില്‍ വെടിക്കെട്ട് വീരന്‍ ജയസൂര്യ പിന്നിലായത്. 10813 പന്തില്‍ കോലി ചരിത്രമെഴുതിയപ്പോള്‍ ജയസൂര്യയ്ക്ക് 11296 ബോളുകള്‍ വേണ്ടിവന്നു. ധോണി 51.30 ശരാശരിയോടെ പതിനായിരം തികച്ചപ്പോള്‍ കോലിയുടെ ശരാശരി 59.17 ആണ്.
