വിരാട് കോലിയുടെ സെഞ്ചുറിക്ക് ഇന്ത്യയെ വിജയിപ്പിക്കാനായില്ല. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിന് പുറത്തായി. വിന്‍ഡീസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സാമുവല്‍സിന്‍റെ പ്രകടനം നിര്‍ണായകമായി. ഇതോടെ പരമ്പരയില്‍ ഇരു ടീമുകളും...
പുനെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയിലും ഇന്ത്യയ്ക്ക് 43 റണ്‍സ് തോല്‍വി. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിന് പുറത്തായി. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി നേടിയ കോലിക്ക്(107) മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍ തിളങ്ങാനായത്. വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സാമുവല്‍സിന്‍റെ പ്രകടനം നിര്‍ണായകമായി. ഹോള്‍ഡറും നഴ്‌സും മക്കോയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. ഇതോടെ പരമ്പരയില്‍ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി.
മറുപടി ബാറ്റിംഗില്‍ കോലിക്കരുത്തില്‍ ഇന്ത്യ വിജയിക്കുമെന്നാണ് ഒരുവേള പ്രതീക്ഷിച്ചത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കോലി ടീമിനെ കരയറ്റിയെങ്കിലും മറുവശത്ത് വിക്കറ്റ് ചോര്‍ന്നുകൊണ്ടിരുന്നു. ഓപ്പണര്‍മാരായ രോഹിതിനെ(8) ഹോള്‍ഡറും 35ല്‍ നില്‍ക്കേ ധവാനെ നഴ്‌സും പുറത്താക്കി. അമ്പാട്ടി റായുഡുവിന് 22 റണ്‍സ് മാത്രമാണെടുക്കാനായത്. പന്തും ധോണിയുമാണ് പിന്നാലെ പുറത്തായവര്‍. പന്ത് 18 പന്തില്‍ 24 റണ്‍സെടുത്തപ്പോള്‍ വീണ്ടും പരാജയപ്പെട്ട ധോണിക്ക് 11 പന്തില്‍ ഏഴ് റണ്‍സാണ് നേടാനായത്. ഭുവിയെ 10ല്‍ നില്‍ക്കേ മക്കോയ് പുറത്താക്കി.
ഇതിനിടെ കോലി 38-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 64 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച കോലി 110 പന്തില്‍ സെഞ്ചുറിയിലെത്തി. 10 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് കോലിയുടെ തകര്‍പ്പന്‍ ശതകം. ഏഴാമനായി 42-ാം ഓവറില്‍ സാമുവല്‍സിന്‍റെ പന്തില്‍ പുറത്താകുമ്പോള്‍ 119 പന്തില്‍ 107 റണ്‍സാണ് കോലിയുടെ പേരിലുണ്ടായിരുന്നത്. ഇതോടെ ഇന്ത്യയുടെ പോരാട്ടം ഏതാണ്ട് അവസാനിച്ചു. ചഹല്‍(3), ഖലീല്‍(30), ബൂംറ(0) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്‍റെ പ്രതിരോധം. കുല്‍ദീപ് 15 റണ്‍സുമായി പുറത്താകാതെ നിന്നു
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഹോപിന്‍റെ പ്രതിരോധത്തിലും വാലറ്റത്തെ വെടിക്കെട്ടിലും 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തു. 113 പന്തില്‍ 95ല്‍ പുറത്തായ ഹോപാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുമായി മടങ്ങിവരവ് ആഘോഷമാക്കിയ ബൂംറ ഇന്ത്യക്കായി തിളങ്ങി. കുല്‍ദീപ് രണ്ടും ഖലീലും ഭുവിയും ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി.
ബൂംറ തിളങ്ങിയപ്പോള്‍ തുടക്കത്തില്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായിരുന്ന. ചന്ദ്രപോള്‍ ഹേംരാജ്(15), കീറാന്‍ പവല്‍(21), മര്‍ലോണ്‍ സാമുവല്‍സ്(9) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് വീരന്‍ ഹെറ്റ്മെയര്‍ 21 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ നാല് റണ്‍സുമായി റോവ്‌മാന്‍ പവലും വ്യക്‌തിഗത സ്കോര്‍ 32ല്‍ നില്‍ക്കേ ഹോള്‍ഡറും മടങ്ങി. അലനെ ചാഹലും പറഞ്ഞയച്ചതോടെ വിന്‍ഡീസ് 217-7 എന്ന നിലയിലായി.
44-ാം ഓവറിലെ മൂന്നാം പന്തില്‍ ബൂറയുടെ യോര്‍ക്കര്‍ ഹോപിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടുമെന്ന് തോന്നിച്ച ഹോപ് 95ല്‍ പുറത്ത്. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് നഴ്‌സും റോച്ചും വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചു. ഒമ്പതാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 22 പന്തില്‍ 40 റണ്‍സെടുത്ത ഹോപിനെ അവസാന ഓവറില്‍ ബൂംറ പുറത്താക്കി. റോച്ച് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
