നാലാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് അപൂര്‍വ്വ നേട്ടം. ഓപ്പണറായി കുറഞ്ഞ ഇന്നിംഗ്സുകളില്‍ 19 സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രോഹിത് മറികടന്നു...
മുംബൈ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് അപൂര്‍വ്വ നേട്ടം. ഓപ്പണറായി കുറഞ്ഞ ഇന്നിംഗ്സുകളില്‍ 19 സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രോഹിത് മറികടന്നു. സച്ചിന്‍ ഓപ്പണറുടെ റോളില്‍ 115 ഇന്നിംഗ്‌സില്‍ 19 സെഞ്ചുറി നേടിയപ്പോള്‍ രോഹിതിന് 107 ഇന്നിംഗ്‌സുകളെ വേണ്ടിവന്നുള്ളൂ.
എന്നാല്‍ 102 ഇന്നിംഗ്സുകളില്‍ 19 സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്. രോഹിതിന്‍റെ ഏകദിന കരിയറിലെ 21-ാം സെഞ്ചുറിയാണിത്. കുറഞ്ഞ ഇന്നിംഗ്സുകളില്‍ 21 സെഞ്ചുറി പൂര്‍ത്തിയാക്കിയ താരങ്ങളില്‍ അംല(116), കോലി(138), ഡിവില്ലിയേഴ്‌സ്(183) എന്നിവര്‍ക്ക് പിന്നിലാണ് രോഹിത്. ഹിറ്റ്മാന്‍ 186 ഇന്നിംഗ്സുകളില്‍ നിന്നാണ് ഇരുപത്തിയൊന്ന് സെഞ്ചുറിയിലെത്തിയത്.
ഇതേസമയം ഏകദിനത്തില്‍ 2013ന് ശേഷം കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളിലും രോഹിത് മുന്നിലുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 25 സെഞ്ചുറി നേടിയപ്പോള്‍ രോഹിത് 19ഉം അംല 16ഉം ധവാന്‍ 15ഉം സെഞ്ചുറി നേടി.
