മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശ് കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയെ നയിക്കുക പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് സൂചുന. രണ്ട് മാസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ക്യാപ്റ്റന്‍ വിരാട് കോലി വിശ്രമം ആവശ്യപ്പെടുകയാണെങ്കില്‍ അനുവദിക്കുമെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. കോലിയ്ക്ക് വിശ്രമം ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അതെടുക്കുന്നതിന് യാതൊരു തടസവുമില്ല. സീസണിലെ അവസാന പരമ്പരയായതിനാല്‍ കോലി വിശ്രമമെടുക്കുമോ എന്ന് ഉറപ്പില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ഏപ്രിലില്‍ ഐപിഎല്‍ ആരംഭിക്കാനിരിക്കെ ശ്രീലങ്കയിലെ ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ കോലി ഉള്‍പ്പെടെ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കുമെന്ന് സൂചനയുണ്ട്. പേസ് ബൗളര്‍മാരായ ജസ്പ്രീത് ബൂമ്രയും ഭുവനേശ്വര്‍ കുമാറുമാണ് കോലിയെക്കൂടാതെ വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ള രണ്ടുപേര്‍. ഇരുവര്‍ക്കും വിശ്രമം അനുവദിച്ചാല്‍ ശര്‍ദ്ദുല്‍ താക്കൂറും ജയദേവ് ഉനദ്ഘട്ടുമായിരിക്കും ന്യൂബോള്‍ കൈകാര്യം ചെയ്യുക.

ശ്രീലങ്ക സ്വാതന്ത്ര്യം നേടിയതിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ത്രിരാഷ്ട്ര പരമ്പര നടത്തുന്നത്. പ്രേമദാസ സ്റ്റേഡിയത്തില്‍ ഡേ നൈറ്റ് മത്സരങ്ങളാണെല്ലാം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും രണ്ടുതവണ വീതം പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ പോയന്റു നേടുന്നവര്‍ ഫൈനലില്‍ കളിക്കും.