മുംബൈ: ബെംഗളുരുവില്‍ അഫ്ഗാനിസ്ഥാനെതിരെ ജൂണ്‍ 14നാരംഭിക്കുന്ന ചരിത്ര ടെസ്റ്റില്‍ ഇന്ത്യ നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യത. അഫ്ഗാന്‍റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ യുവടീമിനെ ഇന്ത്യ പരീക്ഷിക്കുമെന്നാണ് സൂചനകള്‍. ഇംഗ്ലണ്ടിനെതിരെയും അയര്‍ലാന്‍ഡിനെതിരയും നടക്കുന്ന പരമ്പരക്ക് മുന്നോടിയായി താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നതിനാണ് ഇന്ത്യയുടെ നീക്കം.

ജൂണ്‍ 27, 29 തിയ്യതികളിലാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യയുടെ ട്വന്‍റി20 പോരാട്ടങ്ങള്‍‍. ഇംഗ്ലണ്ടിനെതിരെ ജൂലൈ മൂന്നിനാരംഭിക്കുന്ന പര്യടനത്തില്‍ മൂന്നു വീതം ഏകദിന, ടി20 മത്സരങ്ങളും അഞ്ചു ടെസ്റ്റുമാണ് ഇന്ത്യ കളിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തകാലത്തായി വിസ്മയം സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാനെതിരെ യുവനിരയെ ഇറക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം പുതിയ കാല്‍വെയ്പ്പാകുമെന്നുറപ്പ്.