സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം 20.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു‍. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും(51) നായകന്‍ വിരാട് കോലിയും(46) ചേര്‍ന്ന് അനായാസം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

പതിനഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മോര്‍ക്കലിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തി രോഹിത് തുടങ്ങി. എന്നാല്‍ ടീം സ്കോര്‍ 26ല്‍ നില്‍ക്കേ രോഹിതിനെ രബാദയുടെ പന്തില്‍ മോര്‍ക്കല്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ധവാനും കോലിയും 93 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ വിജയിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 32.2 ഓവറില്‍ 118ന് പുറത്തായിരുന്നു. സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലിന്‍റെ അഞ്ച് വിക്കറ്റ് നേട്ടവും കുല്‍ദീപ് യാദവിന്‍റെ മൂന്ന് വിക്കറ്റുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 25 റണ്‍സ് വീതമെടുത്ത ഡുമിനിയും സോന്തോയുമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍മാര്‍. ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത് ഭൂംമ്രയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ടീം സ്കോര്‍ 39ല്‍ നില്‍ക്കേ ഓപ്പണര്‍ അലംയെ(23) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ 20 റണ്‍സെടുത്ത ഡി കോക്കിനെ സ്‌പിന്നര്‍ ചഹല്‍ പുറത്താക്കിയതോടെ ഓപ്പണര്‍മാര്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ നായകന്‍ മര്‍ക്രാമിനെയും(8) മില്ലറെയും(0) പുറത്താക്കി കുല്‍ദീപ് ആഞ്ഞടിച്ചപ്പോള്‍ നാല് വിക്കറ്റിന് 51 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നു.

അഞ്ചാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ച്ച ഡുമിനി-സോന്തോ സഖ്യം അല്‍പമെങ്കിലും കരുത്തുകാട്ടിയത്. ടീം സ്കോര്‍ 99ല്‍ നില്‍ക്കേ സോന്തോയും(25), 107ല്‍ നില്‍ക്കേ ഡുമിനിയും(25) ചഹലിന് കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിച്ചു. പിന്നീട് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകളും വീണു. വിജയത്തോടെ ആറ് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.