വിശാഖപട്ടണം: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനം എട്ട് വിക്കറ്റിന് വിജയിച്ചതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ശ്രീലങ്കയുര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 31.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇന്ത്യക്കായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ചുറിയും(100*) ശ്രേയസ് അയ്യര്‍ അര്‍ദ്ധ സെഞ്ചുറിയും‍(65) നേടി. 

ഏകദിനത്തില്‍ ധവാന്‍റെ 12-ാം സെ‍ഞ്ചുറിയും അയ്യരുടെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ ശതകവുമാണിത്. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണിത്. ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ അഖില ധനന്‍ജയയും 65 റണ്ണെടുത്ത ശ്രേയസ് അയ്യരെ തിസാര പെരേരയും പുറത്താക്കി. മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 26 റണ്‍സുമായി ദിനേശ് കാര്‍ത്തിക്ക് ധവാന് ഉറച്ച പിന്തുണ നല്‍കി. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരം

രണ്ടാം ഏകദിനത്തിലെ ഇരട്ട സെഞ്ചുറി വീരന്‍ രോഹിത് ശര്‍മ്മയെ തുടക്കത്തിലെ ഇന്ത്യക്ക് നഷ്ടമായി. എഴ് റണ്‍സെടുത്ത രോഹിതിനെ ധനന്‍ജയ പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാന്‍-അയ്യര്‍ സഖ്യം 135 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 149ല്‍ നില്‍ക്കേ അര്‍ദ്ധ സെഞ്ചുറിയുമായി അയ്യര്‍ മടങ്ങുമ്പോള്‍ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. പിന്നാലെ ധവാനൊപ്പം കാര്‍ത്തിക് ചേര്‍ന്നതോടെ വിജയം അനായാസം ഇന്ത്യയുടെ കൈകളിലായി. 

നേരത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനു മുന്നില്‍ ശ്രീലങ്ക 215ന് പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും യശ്വേന്ദ്ര ചഹലുമാണ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാരെ എറിഞ്ഞിട്ടത്. ശ്രീലങ്കക്കായി ഉപുല്‍ തരംഗ 95 റണ്‍സും സമരവിക്രമ 42 റണ്‍സുമെടുത്തു. ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ഭുവിയും ഭൂംമ്രയും ഓരോ വിക്കറ്റുകളും വീഴ്ത്തി. ശിഖര്‍ ധവാനാണ് പരമ്പരയിലെ താരം.