കൊല്‍ക്കത്ത: ഐ ലീഗില്‍ ആരാധകരെ ഞെട്ടിച്ച് വീണ്ടും യുവ ടീം ഇന്ത്യന്‍ ആരോസ്. മലയാളി താരം കെ പി രാഹുലിന്‍റെ മിന്നും ഗോളില്‍ കരുത്തരായ മോഹന്‍ ബഗാനെ ഇന്ത്യന്‍ ആരോസ് സമനിലയില്‍ തളച്ചു. 27-ാം മിനുറ്റില്‍ ബഗാനായി ഡിപാന്‍ണ്ട വലയിലിട്ട പെനാള്‍ട്ടിക്ക് 34-ാം മിനുറ്റില്‍ രാഹുലിലൂടെ ആരോസ് മറുപടി നല്‍കി. ആറ് പോയിന്‍റുള്ള ആരോസ് ലീഗില്‍ ആറാം സ്ഥാനത്താണ്.

അണ്ടര്‍ 17 ലോകകപ്പ് കളിച്ച കൗമാരസംഘം അണിനിരക്കുന്ന ടീമാണ് ഇന്ത്യന്‍ ആരോസ്. മത്സരത്തിന്‍റെ 65-ാം മിനുറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആരോസിന്‍റെ അമര്‍ജിത്ത് പുറത്തുപോയി. എന്നിട്ടും പോരാട്ട വീര്യം ചോരാത്ത ആരോസിനെയാണ് സ്റ്റേഡിയത്തില്‍ കണ്ടത്. കഴിഞ്ഞ മത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനെ 3-0ന് തകര്‍ത്ത് ആരോസ് ഞെട്ടിച്ചിരുന്നു.