ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കും 6 പേരുമായി ക്രിക്കറ്റ് ഉപദേശക സമിതി കൂടിക്കാഴ്ച നടത്തുമെങ്കിലും രവി ശാസ്ത്രിക്ക് മുന്‍തൂക്കം ഉണ്ടെന്നാണ് വിലയിരുത്തല്‍. സൗരവ് ഗാംഗുലി , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരുടെ പരിഗണനയ്ക്കായി പത്തോളം അപേക്ഷകള്‍ എത്തിയെങ്കിലും ആറ് പേരുമായി മാത്രം അഭിമുഖം നടത്താനാണ് സാധ്യത. 

ഇവരില്‍ മേല്‍ക്കൈ മുന്‍ ടീം ഡയറക്ടര്‍ കൂടിയായ രവി ശാസ്ത്രിക്കെന്ന് പറയാം. അനില്‍ കുംബ്ലെയെ പുകച്ചുചാടിച്ച നായകന്‍ വിരാട് കോലിയുമായി അടുപ്പം പുലര്‍ത്തുന്ന രവി ശാസ്ത്രിക്ക് ക്രിക്കറ്റ് ഉപേദശകമിതിയ സമിതിയംഗമായ സച്ചിന്റെ പിന്തുണയും ഉണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ശാസ്ത്രിയെ എതിര്‍ത്ത സൗരവ് ഗാംഗുലി ഇക്കുറി നിലപാട് മാറ്റുമയോന്ന് ഉറപ്പില്ല. എന്നാല്‍ വിരേന്ദര്‍ സെവാഗിനെ ഗാംഗുലി പിന്തുണയ്ക്കുമെന്ന സൂചനയുണ്ട്.

അമിതാഭാ ചൗധരി അടക്കം ബിസിസിഐ ഉന്നതരും സെവാഗിനൊപ്പമാണ്. എന്നാല്‍ പരിശീലകനായി കാര്യമായ നേട്ടങ്ങള്‍ ഒന്നും ഇല്ലാത്തത് സെവാഗിന് തിരിച്ചടിയാകും. വിദേശപരിശീലകനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചാല്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡിക്കാകും സാധ്യത. രാജ്യാന്തര ടീമുകളുടെ പരിശീലകനായുള്ള മികവിന് പിന്നാലെ ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളുമായി നന്നായി ഇടപഴകാറുള്ളതും
മൂഡിയുടെ സവിശേഷതയാണ്. ഈ മാസം 26ന് ശ്രീലങ്കയില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് പുതിയ പരിശീലകന്റെ ആദ്യ വെല്ലുവിളി.