മുംബൈ: കഴിഞ്ഞ ആറ് മാസത്തോളമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശമ്പളമില്ലെന്ന് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ താരത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്രസ്പ്രസാണ് ഇക്കാര്യം റിപ്പാര്‍ട്ട് ചെയ്യുന്നത്. ഐസിസിയുമായുളള ബിസിസിഐയുടെ റവന്യൂ ഷെയറിനെ കുറിച്ചുളള തര്‍ക്കാണ് ഇന്ത്യന്‍ കളിക്കാര്‍ക്ക് വിനയായത്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നടന്ന ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ പരമ്പരകളില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രതിഫലം ലഭിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍. സാധാരണ നിലയില്‍ ഒരോ പരമ്പര വിജയത്തിന് ശേഷവും മാച്ച് ഫീസിന് പുറമെ നിരവധി ആനുകൂല്യങ്ങളും ബോണസും താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. 

എന്നാല്‍ കഴിഞ്ഞ നാല് പരമ്പരകളിലും വമ്പന്‍ ജയം നേടിയിട്ടും മാച്ച് ഫീസ് പോലും ലഭിച്ചിട്ടില്ലെന്നതാണ് ആരോപണം. സാധരണ നിലയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിക്കാറുളള പണം 15-30 ദിവസത്തിനുളളില്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ ലഭിച്ചിട്ടി, ഇതിന്റെ കാരണമെന്തെന്ന് ഞങ്ങള്‍ക്കറിയില്ല, ഇതിന് മുമ്പ് ഇത്തരത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് പേരു വെളിപ്പെടുത്താത്ത താരം പറയുന്നത്.

അതേ സമയം സുപ്രീംകോടതി വിധി പ്രകാരം ബിസിസിഐയുടെ ഭരണമാറ്റം ഉണ്ടാക്കിയ ചില പ്രതിസന്ധികളാണ് ഇതിന് കാരണം എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. 15 ലക്ഷം രൂപയാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫീസായി ബിസിസിഐ നല്‍കുന്നത്. ഏകദിനത്തില്‍ ഇത് 10ഉം ടി20യില്‍ മൂന്നും ലക്ഷം രൂപയാണ്.