കേപ്ടൗണ്‍: വരള്‍ച്ച രൂക്ഷമായതിനാൽ ഇന്ത്യൻ കളിക്കാര്‍ രണ്ടു മിനിട്ടിൽ കൂടുതൽ ഷവറിന് കീഴിൽനിൽക്കരുതെന്ന് നിര്‍ദ്ദേശം. കൂടുതൽ വെള്ളം പാഴാകാതിരിക്കാനാണ് ഇത്തരം നിര്‍ദ്ദേശം നൽകിയത്. ഓരോ കളിക്കാരനും ഒരു ദിവസം ഉപയോഗിക്കേണ്ടത് 87 ലിറ്റര്‍ ജലമാണ്. കേപ്ടൗണിൽ ഒരു മാസം ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി ജലത്തിന്റെ അളവ് 1000 ലിറ്ററാണ്. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ 10000 റാണ്ട്(ദക്ഷിണാഫ്രിക്കൻ കറൻസി) പിഴയൊടുക്കേണ്ടിവരും. ഏപ്രിൽ മാസത്തോടെ കേപ്ടൗണ്‍ നഗരത്തിൽ ഒട്ടും വെള്ളമില്ലാത്ത അവസ്ഥ വരും. ലോകത്ത് തന്നെ ആദ്യമായിട്ടാകും ഇത്തരം അവസ്ഥ ഒരു നഗരം നേരിടേണ്ടിവരുന്നത്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇന്ത്യൻ കളിക്കാരോട് രണ്ടു മിനിട്ടിലധികം കുളിക്കരുതെന്ന് മാനേജ്മെന്റ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം വെള്ളം കുറവായ സാഹചര്യത്തിൽ ആദ്യ ടെസ്റ്റ് നടക്കുന്ന കേപ്ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ ബൗണ്‍സ് പിച്ചൊരുക്കാൻ ക്യൂറേറ്റര്‍ക്ക് സാധിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ തങ്ങള്‍ ആശിച്ച പിച്ച് തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ് പറയുന്നു.