ദില്ലി: ഇന്ത്യയില്‍ ഫുട്ബോളിന് നല്ലകാലമാണെന്നതിന്റെ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നു. അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് ഫിഫയുടെ അഭിനന്ദനം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യയുടെ സീനിയര്‍ ടീം പരാജയമറിയാതെ 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി, ഈ നേട്ടം കൈവരിക്കുന്ന ലോക ഫുട്ബോളിലെ രണ്ടാമത്തെ ടീമായി. ലോക ചാമ്പ്യന്‍മാരായ ജര്‍മനി മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ പ്രാധാന്യം മനസിലാവുക. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീലിനും അര്‍ജന്റീനയ്ക്കുപോലും നേടാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ നേട്ടം.

അവസാനം കളിച്ച 12 മത്സരങ്ങളില്‍ 11 ജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. ജര്‍മനിയാകട്ടെ അവസാനം കളിച്ച 19 മത്സരങ്ങളില്‍ 16 ജയവും മൂന്ന് സമനിലയും നേടി. 12 കളികളില്‍ 9 ജയവും മൂന്ന് സമനിലയുമുള്ള ബെല്‍ജിയമാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ അപരാജിത കുതിപ്പ് ഫിഫ റാങ്കിംഗിലും പ്രതിഫലിച്ചു. 2016 ഫെബ്രുവരിയില്‍ 173ാം റാങ്കിലായിരുന്ന ഇന്ത്യ 20 വര്‍ഷത്തിനിടെ ആദ്യമായി ആദ്യ 100നുള്ളില്‍ എത്തി. 2019 ഏഷ്യാ കപ്പിനുള്ള യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ വിജയക്കുതിപ്പ് തുടര്‍ന്നത്. 2011ലാണ് ഇന്ത്യ അവസാനമായി ഏഷ്യാകപ്പ് കളിച്ചത്. അന്ന് ലോകകപ്പ് കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ അടക്കമുള്ള ടീമുകളോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി.