കൊളംബോ: അടുത്ത ലോകകപ്പിനുള്ള ടീമിനെ ഒരുക്കാന്‍ ലക്ഷ്യമിട്ട് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിനിയോഗിക്കുമെന്ന് കരുതിയ ആരാധകരെ നിരാശപ്പെടുത്തി ഇന്ത്യന്‍ സെലക്ടര്‍മാര്‍. യുവതാരങ്ങളായ റിഷഭ് പന്ത്, ഫോമിലുള്ള ദിനേശ് കാര്‍ത്തിക്ക് എന്നിവരും യുവരാജ് സിംഗിനൊപ്പം ടീമില്‍ നിന്ന് ഒഴിവാക്കിയവരില്‍പ്പെടുന്നു. യുവരാജിന്റെ പുറത്താക്കല്‍ പ്രതീക്ഷിച്ചതാണെങ്കിലും ടീമില്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന പന്തിനെയും ലഭിച്ച അവസരങ്ങളില്‍ തിളങ്ങിയ ദിനേശ് കാര്‍ത്തിക്കിനെയും ഒഴിവാക്കിയത് തീര്‍ത്തും നിരാശപ്പെടുത്തി.

ദക്ഷിണാഫ്രിക്കയില്‍ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ തിളങ്ങിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനും, യുസ്‌വേന്ദ്ര ചാഹലിനും അക്ഷര്‍ പട്ടേലിനും പരമ്പരയുടെ താരമായ മനീഷ് പാണ്ഡെക്കും സെലക്ടര്‍മാര്‍ അവസരം നല്‍കിയിട്ടുണ്ട്. അതേസമയം, ക്രിക്കറ്റിലേക്ക് തിരിച്ചുവരാനായി കഠിന പരിശീലനത്തിലായിരുന്ന സുരേഷ് റെയ്നയെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമായി.

Scroll to load tweet…
Scroll to load tweet…

ഓപ്പണര്‍മാരായി നാലുപേര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമായി. ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ശീഖര്‍ ധവാനും കെ എല്‍ രാഹുലിനുമൊപ്പം രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയും ടിമിലുണ്ട്. രോഹിത്തും ധവാനും ഓപ്പണര്‍മാരായി ഇറങ്ങുമ്പോള്‍ രാഹുലിനെയും രഹാനെയും എവിടെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പം കോലിക്കുണ്ടാകും. വണ്‍ഡൗണായി കോലിയെത്തുമ്പോള്‍ മധ്യനിരയില്‍ ധോണിക്കൊപ്പം മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ഇറങ്ങും. ജസ്പ്രീത് ബൂമ്രയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കപ്പെട്ടതാണ്. കുല്‍ദീപ് യാദവിനെ ഏകദിന ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലങ്കയ്ക്കെതിരായ ഏക ട്വന്റി-20യിലും ഇതേ ടീം തന്നെയാവും ഇറങ്ങുക.

ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, അജിങ്ക്യാ രഹാനെ, കെഎല്‍.രാഹുല്‍, മനീഷ് പാണ്ഡെ, എംഎസ് ധോണി, ഷര്‍ദ്ദുല്‍ താക്കൂര്‍, ഹര്‍ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍, അക്ഷര്‍ പട്ടേല്‍, കേദാര്‍ ജാദവ്,യുസ്‌വേന്ദ്ര ചാഹല്‍.