ഹൈദ്രാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്. പുതിയ നിക്ഷേപകര്‍ക്ക് ടീമിന്‍റെ 80 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും എന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സിന്‍റെ 60 ശതമാനം ഓഹരി കൈവശമുളള പിവിപി വെഞ്ചേഴ്‌സില്‍ നിന്നും മുഴുവന്‍ ഓഹരിയും കൈപറ്റാനാണ് പ്രസാദ് ഗ്രൂപ്പിന്‍റെ തീരുമാനം.
കൂടാതെ സച്ചിന്റെ കൈവശമുളള 20 ശതമാനം ഓഹരിയും ഇവര്‍ കൈപറ്റും. പിവിപി വെഞ്ചേഴ്‌സ് നേരിടുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഓഹരികള്‍ വില്‍ക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സെബി ഇവര്‍ക്ക് 30 കോടി രൂപ പിഴ ഈടാക്കിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൂട്ടത്തോടെ വില്‍ക്കാന്‍ പിവിപി വെഞ്ചേഴ്‌സ് നിര്‍ബന്ധിതരാകുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനും പിവിപി വെഞ്ചേഴ്‌സിനെതിരെ സെബിയുടെ നടപടി കാരണമായി. അതിനാല്‍ തന്നെ ടീമിന്‍റെ പ്രകടനവും ദയനീയമായിരുന്നു. ഐഎസ്എല്ലിലെ അവസാന സ്ഥാനക്കാരായിരുന്നു ബ്ലാസ്റ്റേര്‍സ്.
