കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചായ സ്റ്റീവ് കോപ്പല്‍ ഐ എസ് എല്ലിലെ പുതിയ ടീമായ ടാറ്റാ സ്റ്റീലിന്റെ പരിശീലകനാവും. അറുപത്തിരണ്ടുകാരനായ കോപ്പല്‍ ഈയാഴ്ച പുതിയ ക്ലബുമായി കരാറില്‍ ഒപ്പുവയ്‌ക്കും.

ബ്ലാസ്റ്റേഴ്‌സ് സ്റ്റുവര്‍ട്ട് പിയേഴ്‌സിനെ കോച്ചായി നിയമിക്കാന്‍ തീരുമാനിച്ചതോടെ കോപ്പല്‍ കേരള ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായ മെഹ്താബ് ഹുസൈനെ ടീമില്‍ എടുക്കണമെന്ന് കോപ്പല്‍ ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന.

ടീമില്‍ തുടരാനുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ വാഗ്ദാനം നേരത്തേ, മെഹ്താബ് നിരസിച്ചിരുന്നു.കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചത് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ കൂടിയായിരുന്നു സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങളായിരുന്നു.

നേരത്തെ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇഷ്ഫാഖ് അഹമ്മദ് ടാറ്റയുടെ അസിസ്റ്റന്റ് കോച്ച് ആയി ചുമതല ഏറ്റെടുത്തിരുന്നു. ഇഷ്ഫാഖ് അഹമ്മദിന്റെ സാന്നിദ്ധ്യമാണ് കോപ്പലിന്റെ ടാറ്റയിലേക്കുള്ള കൂറുമാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്.