ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി പരിശീലനത്തിറങ്ങി. ജൊഹാനസ്ബര്‍ഗില്‍ നാല് മണിക്കൂര്‍ നീണ്ട പരിശീലന സെഷനില്‍ അജിന്‍ക്യ രഹാനെയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. രാഹുല്‍, മുരളി വിജയ്, പൂജാര എന്നിവരാണ് ആദ്യം ബാറ്റിങ് പരിശീലനം നടത്തിയത്. ഇവര്‍ ഏറെ നേരം നെറ്റ്സില്‍ ചെലവിട്ടു. ബൗണ്‍സ്, സ്വിങ് പന്തുകള്‍ കളിക്കുന്നതിലായിരുന്നു മൂവരുടെയും ശ്രദ്ധ. അതിനുശേഷം വിരാട് കോലി, ഹാര്‍ദിക് പണ്ഡ്യ എന്നിവര്‍ക്കൊപ്പമാണ് രഹാനെ ബാറ്റിംഗ് പരിശീലനത്തിന് എത്തിയത്. ഇതോടെ രഹാനെ അടുത്ത ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യതയേറിയെന്നാണ് വിലയിരുത്തല്‍. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള രഹാനെയെ കഴിഞ്ഞ രണ്ടു ടെസ്റ്റിലും ഒഴിവാക്കിയത് കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. രഹാനെക്ക് പകരം ടീമിലെത്തിയ രോഹിത് ശര്‍മ്മ ഏറ്റവും അവസാനം ആണ് പരിശീലനത്തിന് ഇറങ്ങിയത്. ബുധനാഴ്ചയാണ് അവസാന ടെസ്റ്റ് തുടങ്ങുന്നത്. പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.