ദില്ലി: ഇന്ത്യന്‍ ഫുട്ബോളിലെ ദുര്‍ഗ എന്നറിയപ്പെടുന്ന ഒയിനം ബെബം ദേവിക്ക് അര്‍ജുന പുരസ്കാരം. ശാന്തി മുള്ളിക്കിനു ശേഷം അര്‍ജുന നേടുന്ന ആദ്യ വനിത ഫുട്ബോളറാണ് ബെബം ദേവി. രണ്ട് പതിറ്റാണ്ട് കാലം ദേശീയ ടീമിന്‍റെ മധ്യനിരയിലെ കരുത്തായിരുന്നു. 1995ല്‍ 15-ാം വയസിലാണ് ബെബം ദേവി ദേശീയ കുപ്പായമണിഞ്ഞത്. 2015ലെ സാഫ് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയാണ് ക്യാപ്റ്റന്‍ കൂടിയായ താരം ബൂട്ടഴിച്ചത്. 

ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍ കളിക്കാന്‍ തന്‍റെ നേട്ടം പ്രചോദനമാകട്ടെയെന്ന് മുന്‍ താരം പറഞ്ഞു. ഇന്ത്യന്‍ വനിത ഫുട്ബോളിനുള്ള ആദരമാണിതെന്ന് ബെബം ദേവി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കായിക രംഗത്തെ അധികായര്‍ക്കൊപ്പം പുരസ്കാരം നേടാനായതിന്‍റെ സന്തോഷം ബെബം ദേവി പങ്കുവെച്ചു. രാജ്യത്ത് വനിത ഫുട്ബോള്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളിലാണ് മുന്‍ നായികയിപ്പോള്‍. 

അര്‍ജുന നേടുന്ന 25-ാം ഫുട്ബോള്‍ താരമാണ് ബെബം ദേവി. മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. ഇംഫാലിലെ യുണൈറ്റഡ് പയനിയേഴ്സ് ക്ലബിലൂടെ കരിയര്‍ തുടങ്ങിയ ഒയിനം ബെബം മാലിദ്വീപ് ക്ലബ് ന്യൂ റേഡിയന്‍റിനായി കളിച്ചിട്ടുണ്ട്. ദേശീയ ടീമിനായി 85 മല്‍സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടി.

Scroll to load tweet…