ചരിത്രമുറങ്ങുന്ന കാൺപൂരിലെ ഗ്രീന്‍പാര്‍ക്കില്‍ പുതിയ നേട്ടങ്ങളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്താന്‍ കോലിയുടെ യുവനിര ഇറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിലെ പരമ്പര ജയത്തിന് മുന്‍പേ നാട്ടില്‍ ദക്ഷിണാഫ്രിക്കയെ സ്പിന്‍ കെണിയിൽ കുരുക്കിയതിന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴും കോലിക്കുണ്ട്. 

അതുകൊണ്ട് തന്നെ അഞ്ച് ബൗളര്‍ എന്ന പതിവ് കോലി കാൺപൂരില്‍ ഉപേക്ഷിച്ചേക്കും. പൂജാരയും രോഹിത്തും മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ ധവാന് പകരം രാഹുല്‍ വിജയുടെ ഓപ്പണിംഗ് പങ്കാളിയാകാനാണ് സാധ്യത.

പേസര്‍ ടിം സൗത്തി പരിക്കേറ്റ് മടങ്ങിയതിനാല്‍ 3 സ്പിന്നര്‍മാരെ ന്യുസീലന്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോസ് ടെയ്‍ലര്‍ കെയിം വില്ല്യംസൺ എന്നിവരിലാണ് സന്ദര്‍ശകരുടെ ബാറ്റിംങ് പ്രതീക്ഷകള്‍. വിക്കറ്റ് സംബന്ധിച്ച് നിര്‍ദേശമൊന്നും നൽകിയിട്ടില്ലെന്ന് കുംബ്ലെ വ്യക്തമാക്കിയെങ്കിലും, സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ച് തന്നെ കാൺപൂരില്‍ പ്രതീക്ഷിക്കാം. 

ടെസ്റ്റ് ക്രിക്കറ്റിൽ 500 മത്സരങ്ങൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുൻപ് ഈനേട്ടം കൈവരിച്ചത്. ഓസ്ട്രേലിയ 539 ടെസ്റ്റുകളിൽ കളിച്ചിട്ടുണ്ട്. ഓസീസ് 539 ടെസ്റ്റിൽ 244 മത്സരങ്ങളിൽ ജയിച്ചു. ഇന്ത്യ 499 ടെസ്റ്റിൽ 157 മത്സരങ്ങളാണ് ജയിച്ചത്. ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും
499 ടെസ്റ്റുകൾ വീതം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് 190 ടെസ്റ്റും വിൻഡീസ് 162 ടെസ്റ്റും ജയിച്ചു.

ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശമുണ്ടെന്ന് കോച്ച് അനിൽ കുംബ്ലെ . കോലി നയിക്കുന്ന ടീമിന് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാകാന്‍ കഴിയുമെന്നും കുംബ്ലെ കാൺപൂരില്‍ പറഞ്ഞു