കാണ്‍പൂര്‍: 84 വര്‍ഷത്തിനിടെ 32 ക്യാപ്റ്റന്മാര്‍ ആണ് ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റിൽ നയിച്ചത്. ഇവരില്‍ പട്ടൗഡിയും ഗാംഗുലിയും ധോണിയുമാണ് കേമന്മാര്‍. വിദേശത്തെ നേട്ടങ്ങള്‍ ഗാംഗുലിക്ക് മുന്‍തൂക്കം നൽകും
1932ൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് സി കെ നായുഡു. എന്നാല്‍ ആദ്യ ജയത്തിനായി രണ്ട് പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റ് കാത്തിരുന്നു. നേട്ടം ഇംഗ്ലണ്ടിനെതിരെ വിജയ് ഹസാരെയുടെ നേതൃത്വത്തില്‍. 21 ആം വയസ്സില്‍ നായകപദവിയേറ്റെടുത്ത മൺസൂര്‍ അലി ഖാന്‍ പട്ടൗഡി പുതിയ ഉയരങ്ങളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ എത്തിച്ചു.
1967ൽ ന്യുസീലന്‍ഡിലെ 4 ടെസ്റ്റിൽ 3ലും ജയിച്ചപ്പോള്‍ വിദേശത്ത് പരന്പരനേട്ടമെന്ന സ്വപ്നം ടൈഗര്‍ പട്ടൗഡി യാഥാര്‍ത്ഥ്യമാക്കി. വെസ്റ്റ് ഇന്‍ഡീസിലും ഇംഗ്ലണ്ടിലും പരമ്പര ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ അജിത് വഡേക്കര്‍ എന്ന നായകന്‍റെ വിജയമായി അത്.
തോൽവി ഒഴിവാക്കുകയായിരുന്നു സുനില്‍ ഗാവസ്കര്‍ മുഖ്യ പരിഗണന നൽകിയത്. 47 ടെസ്റ്റില്‍ 30ലും സമനില. 47 ടെസ്റ്റിൽ പതിന്നാലിൽ വിജയം കണ്ട മുഹമ്മദ് അസ്ഹറുദ്ദീന് വിദേശത്ത് മിക്കപ്പോഴും കാലിടറി . നാട്ടിൽ പുലികളും വിദേശത്ത് പൂച്ചകളും എന്ന ചീത്തപേര് മായിച്ചുകളഞ്ഞ സൗരവ് ഗാംഗുലി ആണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍.
ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ പിടിച്ചുകെട്ടിയ ഗാംഗുലി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തിയപ്പോഴും ഇന്ത്യന്‍ പതാക ഉയര്‍ന്നു പാറി. 60 ടെസ്റ്റിൽ 27 ജയവുമായി കണക്കുകളില്‍ എം എസ് ധോണിഗാംഗുലിയെ കടത്തിവെട്ടിയെങ്കിലും വിദേശത്തെ തുടര്‍തോൽവികള്‍ വിക്കറ്റ് കീപ്പര്‍ നായകന് കളങ്കമാണ്.
