ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്ന കാര്യത്തിലും സസ്പെന്‍സ് നിലനില്‍ക്കുന്നു. ഇതിനിടെ മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പുറത്താവുകയും റിഷഭ് പന്ത് ബാറ്ററായി മാത്രമാകും കളിക്കുക എന്നതും ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റങ്ങള്‍ അനിവാര്യമാക്കുന്നു.

നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഇന്ത്യ ആദ്യ ടെസ്റ്റില്‍ കളിച്ച ഷാര്‍ദ്ദൂല്‍ താക്കൂറിനെ കളിപ്പിക്കുമോ അതോ കുല്‍ദീപ് യാദവിന് അവസരം നല്‍കുമോ എന്നതും വലിയ ചോദ്യമാണ്. ഓപ്പണിംഗില്‍ കെ എല്‍ രാഹുല്‍ യശസ്വി ജയ്സ്വാൾ സഖ്യം തുടരുമ്പോള്‍ മൂന്നാം നമ്പറില്‍ വീണ്ടും കരുണ്‍ നായര്‍ തന്നെ കളിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കരുണിനെ പുറത്തിരുത്തിയാല്‍ സായ് സുദര്‍ശനോ ധ്രുവ് ജുറെലോ ആകും മൂന്നാം നമ്പറിലിറങ്ങുക.

നാലാം നമ്പറില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും അഞ്ചാം നമ്പറില്‍ റിൽഭ് പന്തും എത്തുമ്പോള്‍ രവീന്ദ്ര ജഡേജ ആറാമനായി ക്രീസിലെത്തും. കുല്‍ദീപ് യാദവിന് അവസരം നല്‍കിയാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്തിരിക്കേണ്ടിവരും. എന്നാല്‍ ബാറ്റിംഗ് കൂടി കണക്കിലെടുത്ത് സുന്ദറിന് തന്നെ നാലാം ടെസ്റ്റിലും അവസരം നല്‍കാനാണ് സാധ്യത.

പേസര്‍ ആകാശ് ദീപിന് പരിക്കേറ്റതിനാല്‍ നാളെ കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയത്തിലാണ്. ആകാശ് ദീപ് കളിച്ചില്ലെങ്കില്‍ പകരം യുവപേസര്‍ അന്‍ഷുല്‍ കാംബോജിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കും. നാലാം ടെസ്റ്റ് തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ജസ്പ്രീത് ബുമ്ര കളിക്കാനാണ് സാധ്യത. മുഹമ്മദ് സിറാജിന്‍റെ ജോലിഭാരത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നെങ്കിലും നാലാം ടെസ്റ്റിലും സിറാജ് തുടരാനാണ് സാധ്യത.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: കെ എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍/ധ്രുവ് ജുറെല്‍, ശുഭ്മാന്‍ ഗിൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്/അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക