ത്രിരാഷ്ട്ര ട്വന്റി-20: പ്രമുഖരില്ലാത്ത ഇന്ത്യ ലങ്കക്കെതിരെ ഇന്നിറങ്ങുന്നു; സാധ്യതാ ടീം

First Published 6, Mar 2018, 11:25 AM IST
Indias predicted XI for first T20I against Sri Lanka
Highlights

ദക്ഷിണാഫ്രിക്കയില്‍ സമ്പൂര്‍ണ പരാജയമായെങ്കിലും ശ്രീലങ്കക്കെതിരെ മികച്ച റെക്കോര്‍ഡുള്ള രോഹിത്തില്‍ തന്നെയാകും ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍.

കൊളംബോ: ദക്ഷിണാഫ്രിക്കയിലെ ചരിത്ര വിജയത്തിനുശേഷം ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ ശ്രീലങ്കക്കെതിരെ മാറ്റുരയ്ക്കാന്‍ യുവ ഇന്ത്യ ഇന്നിറങ്ങുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും എം എസ് ധോണിയുമൊന്നുമില്ലാത്ത ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ശീഖര്‍ ധവാനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. കോലിക്കും ധോണിക്കും പുറമെ ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍കുമാര്‍, കുല്‍ദീപ് യാദവ്, ഹര്‍ദീക് പാണ്ഡ്യ തുടങ്ങിയവരും ടീമിലില്ലാത്തതിനാല്‍ യുവതാരങ്ങള്‍ക്ക് കഴിവുതെളിയിക്കാല്‍ ലഭിക്കുന്ന മികച്ച അവസരമായിരിക്കുമിത്.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ-ശീഖര്‍ ധവാന്‍ സഖ്യം തന്നെയാകും ഇന്ത്യയുടെ കരുത്ത്. ദക്ഷിണാഫ്രിക്കയില്‍ സമ്പൂര്‍ണ പരാജയമായെങ്കിലും ശ്രീലങ്കക്കെതിരെ മികച്ച റെക്കോര്‍ഡുള്ള രോഹിത്തില്‍ തന്നെയാകും ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. വണ്‍ഡൗണില്‍ സുരേഷ് റെയ്ന തന്നെയാകും എത്തുക. റെയ്നക്ക് ശേഷം മനീഷ് പാണ്ഡെ ക്രീസിലെത്തും.

വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് വേണോ ദിനേശ് കാര്‍ത്തിക് വേണോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ബാറ്റിംഗ് മികവിന്റെ പേരില്‍ ഇരുവരും ഒരേസമയം ബാറ്റിംഗ് നിരയില്‍ ഇടം നേടിയാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ വര്‍ഷം ലഭിച്ച അവസരത്തില്‍ തിളങ്ങാനായില്ലെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ നാല് ഫിഫ്റ്റിയും ഒരു സെഞ്ചുറിയും നേടിയ പന്ത് അന്തിമ ഇലവനില്‍ എത്തുമെന്ന് തന്നെയാണ് സൂചന.

പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി ഹര്‍ദ്ദീക് പാണ്ഡ്യക്ക് പകരം വിജയ് ശങ്കര്‍ അരങ്ങേറിയേക്കും. ഇതിന് മുമ്പും ലങ്കക്കെതിരായ ട്വന്റി-20യില്‍ ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ ശങ്കറിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറെയാണ് അന്തിമ ഇലവനില്‍ കളിപ്പിക്കുന്നതെങ്കില്‍ അക്ഷര്‍ പട്ടേലിനാണ് സാധ്യത. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് അക്ഷറിന് അവസരം ലഭിച്ചത്.

രണ്ടാം സ്പിന്നറായി യുസ് വേന്ദ്ര ചാഹല്‍ ടീമിലെത്തുമെന്ന് ഉറപ്പാണ്. ഐപിഎല്ലിലെ പൊന്നുംവിലയുള്ള താരം ജയദേവ് ഉനദ്ഘട്ടും ശര്‍ദ്ദുല്‍ താക്കൂറും തന്നെയാകും പേസ് ബൗളര്‍മാരായി അന്തിമ ഇലവനില്‍ കളിക്കു. ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ ബംഗ്ലാദേശാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. വൈകിട്ട് ഏഴിനാണ് ഇന്ത്യാ-ശ്രീലങ്ക പോരാട്ടം.

loader