വാണ്ടറേഴ്‌സ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യയെ കുഴക്കുന്നത് ടീം സെലക്ഷനാണ്. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ നിലനിര്‍ത്തുകയും അവസരം ലഭിക്കാതെ പോയ താരങ്ങള്‍ക്ക് പരിഗണന നല്‍കുകയും ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനമാണ്. എന്നാല്‍ മധ്യനിരയില്‍ റെയ്ന ഏറെക്കുറെ സ്ഥാനമുറപ്പിച്ച സ്ഥിതിക്ക് മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക് എന്നിവരുടെ സ്ഥാനം ചോദ്യചിഹ്നമാണ്. ഫോമില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മ്മ തന്നെയാകും ശീഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്യുക.
മൂന്നാം നമ്പറില്‍ വിരാട് കോലി തുടരുമെന്നിരിക്കേ നാലാം നമ്പറില്‍ മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചേക്കും. അഞ്ചാം നമ്പറില്‍ ടി20 സ്‌പെഷലിസ്റ്റ് സുരേഷ് റെയ്നയെത്തുമ്പോള്‍ ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ആരെ പരിഗണിക്കണമെന്നത് ഇന്ത്യയെ കുഴയ്ക്കുന്നു. ടി20യില്‍ ഫോമിന്‍റെ നിഴലില്‍ തുടരുന്ന ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കാനിടയുണ്ട്. ധോണിയുടെ സ്ഥാനത്ത് കാര്‍ത്തിക്കിനെ പരിഗണിച്ചില്ലെങ്കില്‍ മനീഷ് പാണ്ഡെയ്ക്ക് പകരം കാര്‍ത്തിക്കിനെ പരിഗണിക്കേണ്ടിവരുമെന്നതാണ് ആശയക്കുഴപ്പം കൂട്ടുന്നു.
അതേസമയം ബൗളര്‍മാരില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഏഴാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും, സ്‌പിന്നര്‍മാരായി യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ടി20യിലും തുടരുമെന്നുറപ്പാണ്. ഇന്ത്യയുടെ ബൗളിംഗ് ആക്രമണം തുടങ്ങുന്ന ഭുവനേശ്വര്‍ കുമാര്‍-ജസ്‌പ്രീത് ബുംറ സഖ്യമാകും ടീമിലെ പേസര്‍മാര്‍. ടി20യില്‍ മികച്ച റെക്കോര്‍ഡുള്ള ഇരുവരുടെയും കൂട്ടുകെട്ട് പൊളിക്കാന്‍ ആദ്യ മത്സരത്തില്‍ ടീം തയ്യാറായേക്കില്ല. അതിനാല്‍ ഐപിഎല്‍ താരലേലത്തില്‍ വന്‍തുക ലഭിച്ച ജയ്‌ദേവ് ഉനദ്കട്ടിന് ആദ്യ മത്സരത്തില്‍ സ്ഥാനം ലഭിക്കാനിടയില്ല.
