ദില്ലി: ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മ്മന്‍ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചു. തോളിനേറ്റ പരിക്ക് കാരണം കുറച്ചുനാളായി കോര്‍ട്ടില്‍ സജീവം അല്ലാത്ത സോംദേവ്, പരിശീലകനായി ടെന്നിസില്‍ തുടരുമെന്നും സൂചനയുണ്ട്. 2008ല്‍ പ്രൊഫഷണല്‍ ടെന്നിസിലെത്തിയ സോംദേവ് റാങ്കിംഗില്‍ 62ആം സ്ഥാനത്ത് വരെ എത്തിയിരുന്നു.
2009ലെ ചെന്നൈ ഓപ്പണ്‍ ഫൈനലിലെത്തിയ സോംദേവ്, ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസിൽ സ്വർണവും 2010 ഗാംഗ്ഷു ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടി. 2011ൽ ദക്ഷിണാഫ്രിക്കൻ ഓപ്പണിന്റെയും ഫൈനലിലെത്തിയിരുന്നു സോംദേവ്. ഈ വർഷം നടക്കുന്ന ചെന്നൈ ഓപ്പണിൽനിന്നും പരുക്ക് കാരണം നേരത്തെ തന്നെ സോംദേവ് പിൻവാങ്ങിയിരുന്നു.
രണ്ടുവർഷം മുമ്പ് യുഎസിൽ സെബാസ്റ്റ്യൻ ഫാൻസ്ലോവിനെതിരെയാണ് സോംദേവ് അവസാനമായി കളിച്ചത്. 31ആം വയസ്സില്‍ വിരമിക്കുമ്പോള്‍ സിംഗിള്‍സ് റാങ്കിംഗില്‍ 909-ാം സ്ഥാനത്താണ് സോംദേവ്.
